തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ കാന്റീനിൽ നിന്ന് വാങ്ങിയ മീൻ വറുത്തതിൽ ചത്ത അട്ടയെ കണ്ടെത്തി. പൊലീസുകാരുടെ പരാതിയെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ, കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.
തിരുവനന്തപുരം: നിരവധി പൊലീസുകാരുടെ ആശ്രയമായ ക്യാൻ്റീനിലെ മീൻ വറുത്തതിൽ നിന്നും ചത്ത അട്ടയെ കണ്ടെത്തി.പൊലീസുകാർ പരാതി അറിയിച്ചതോടെ കോർപ്പറേഷൻ അധികൃതർ തലസ്ഥാനത്തെ പൊലീസ് കാന്റീൻ പൂട്ടിച്ചു. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ കാൻ്റീനാണ് കഴിഞ്ഞ ദിവസം പൂട്ട് വീണത്. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസുകാർ ഭക്ഷണം കഴിക്കുന്നതിനിടെ വാങ്ങിയ മീൻ വറുത്തതിൽ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാൻ്റിനെതിരെ നടപടി എടുത്തത്.
പൊലീസ് ഉദ്യോഗസ്ഥർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് തുടർന്ന് നടത്തിയ പരിശോധനയിൽ കാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ പൂട്ടാൻ നിർദേശം നൽകുകയായിരുന്നു.കൂടാതെ കാന്റീൻ്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോർപറേഷൻ നിർദേശിച്ചു. വർഷങ്ങൾക്ക് മുമ്പ് വൃത്തിഹീനമായി പ്രവർത്തിച്ച ക്യാൻ്റീൻ കോർപ്പറേഷൻ ഇടപെട്ട് പൂട്ടിച്ചിരുന്നു. പിന്നീട് കരാറുകാർ മാറിവന്നാണ് വീണ്ടും തുറന്നത്.
സ്റ്റേഷനിലെ ജീവനക്കാർ വീട്ടിൽ നിന്ന് ഭക്ഷണം കരുതിയാണ് വരുന്നത്. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽക്കുന്ന ക്യാമ്പിലെയും മറ്റും ഡ്യൂട്ടിയിൽ എത്തുന്ന പൊലീസുകാരാണ് ഇവിടെ നിന്നും പാഴ്സലും മറ്റും പതിവായി വാങ്ങുന്നത്. ഇത്തരത്തിൽ ഊണിനൊപ്പം വാങ്ങിയ മീൻ വറുത്തത് കഴിക്കാനെടുത്തപ്പോൾ അട്ടയെ കാണുകയായിരുന്നു. ക്യാൻ്റീനിലെ ഭക്ഷണത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ മറ്റുവഴിയില്ലാത്തതിനാൽ പരാതിയുമായി ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ സ്റ്റേഷൻ ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് തന്നെ പാർസലിൽ പണി കിട്ടിയതോടെ മറ്റ് ജീവനക്കാരും ഇടപെടുകയായിരുന്നെന്നാണ് വിവരം.


