വെള്ളക്കെട്ടിനെ തുടർന്ന് വയോധികൻ്റെ സംസ്കാരം താത്കാലിക സംവിധാനം ഒരുക്കി നടത്തി. ആലപ്പുഴ തലവടി സ്വദേശി കെ വി മോഹനന്റെ സംസ്കാരമാണ് വീട്ടുമുറ്റത്ത് താത്കാലിക സംവിധാനം ഒരുക്കി നടത്തിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ താത്കാലികമായി തട്ട് സ്ഥാപിച്ചാണ് സംസ്കാരം ചടങ്ങുകൾ നടത്തിയത്.

എടത്വ: വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുവളപ്പിലും പരിസരത്തും വെള്ളക്കെട്ട് തുടരുന്നതിനിടെ മരിച്ച കെ വി മോഹനന്റെ (63) സംസ്കാരം താത്കാലിക സംവിധാനം ഒരുക്കി നടത്തി. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ മോഹനന്റെ സംസ്കാരമാണ് ഇന്ന് രാവിലെ 11 മണിയോടെ നടത്തിയത്.

വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിന് സൗകര്യമില്ലാതിരുന്നതും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതും സംസ്കാരത്തിന് തടസ്സമായി. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട്ടുമുറ്റത്തു താത്കാലികമായി തട്ട് സ്ഥാപിച്ചാണ് സംസ്കാരം ചടങ്ങുകൾ നടത്തിയത്.

ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാനാകാതെ ആരോഗ്യനില വഷളായതിനെ തുടർന്ന് എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.