ബസ് സ്റ്റാൻഡിൽ വെച്ച് 2.75 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ വലപ്പാട് സ്വദേശി ഗഗന് മൂന്ന് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. ബംഗളൂരുവിൽ നിന്ന് എംബിഎ പഠനം കഴിഞ്ഞ ഇയാൾ, സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ മുല്ലപ്പൂവിൽ പൊതിഞ്ഞാണ് കഞ്ചാവ് കടത്തിയിരുന്നത്.
തൃശൂര്‍: കുന്നംകുളം പ്രൈവറ്റ് ബസ് സ്റ്റാന്റ് വെയിറ്റിംഗ് ഷെഡില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 2.75 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിലായ വലപ്പാട് എടമുട്ടം വാഴപ്പുള്ളി വീട്ടില്‍ ഗഗനെ (36) തൃശൂര്‍ നാലാം അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജ് ടി.പി. അനില്‍ മൂന്നു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം അധിക തടവും അനുഭവിക്കണം.
2014 ജൂലായ് 16നാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം ബസ് സ്റ്റാന്‍ഡ് വെയിറ്റിംഗ് ഷെഡില്‍ വില്‍പ്പനക്കായി കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ടി.ജി. ദിലീപ്, ഷാഡോ പൊലീസ് ഓഫീസര്‍മാരായിരുന്ന പി. രാകേഷ്, ബാബുരാജ്, ജിജോ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്നും എം.ബി.എ. പഠനം കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഗഗന്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകളിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കഞ്ചാവ് വില്‍പ്പനക്കാരുടെ കമ്മീഷന്‍ ഏജന്റായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. തൃശൂര്‍, കുന്നംകുളം, കേച്ചേരി എന്നിവടങ്ങളിലെ ഏജന്റ്മാര്‍ക്കാണ് കഞ്ചാവ് കൈമാറിയിരുന്നത്.
കുന്നംകുളം സി.ഐയായിരുന്ന വി.എ. കൃഷ്ണദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് ഓഫീസര്‍മാര്‍ ഗഗനെ നിരീക്ഷിച്ചു വരികയായിരുന്നു. പതിവുപോലെ ബെംഗളൂരുവില്‍ നിന്നും കുന്നംകുളത്ത് വന്നിറങ്ങി ചിലരെ കാത്ത് നില്‍ക്കുന്നതിനിടെയാണ് കഞ്ചാവുള്ള ബ്രീഫ്കേസടക്കം പൊലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ വി.എ. കൃഷ്ണദാസാണ് അന്വേഷണം ഏറ്റെടുത്ത് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ വേളയില്‍ അഞ്ച് സാക്ഷികളേയും, ആറ് തൊണ്ടിമുതലുകളും, 22 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കേസിലെ നിര്‍ണായക വഴിതിരിവായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.കെ. ഗിരീഷ് മോഹന്‍, അഡ്വ.ആദിത്യന്‍ എം. ഗിരീഷ്. എന്നിവര്‍ ഹാജരായി.


