കോഴിക്കോട്: പെന്‍ഷന്‍ തുകയുമായി മടങ്ങിയ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ പിടികൂടി. സിവില്‍ സ്‌റ്റേഷനിലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

കോഴിക്കോട്: പെന്‍ഷന്‍ തുകയുമായി മടങ്ങിയ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ പിടികൂടി. പുല്‍പ്പള്ളി ആനപ്പാറ സ്വദേശി പൂതാനം കോളനിയിലെ ബിനോയ് (50), കാരശ്ശേരി തോട്ടുമുക്കം സ്വദേശി ചുണ്ടന്‍കുന്നന്‍ ഹുസ്സൈന്‍ (59), താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷമീര്‍ (47), കൊച്ചി പള്ളുരുത്തി സ്വദേശി പാലക്കല്‍ ഹൗസില്‍ ജോയ് നിസാര്‍ (62) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. 2005ല്‍ എസ്‌ഐ ആയി വിരമിച്ച ചന്ദ്രന്‍ വി എന്നയാളുടെ പക്കല്‍ നിന്നാണ് സംഘം പണം മോഷ്ടിച്ചത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ട്രഷറിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രന്‍ കവര്‍ച്ചക്കിരയായത്. സിവില്‍ സ്‌റ്റേഷന്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കീര്‍ത്തന ബസിലാണ് ഇയാള്‍ കയറിയത്. ചന്ദ്രനെ പിന്തുടര്‍ന്ന നാല്‍വര്‍ സംഘവും ഇതേ ബസില്‍ കയറി. ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച സംഘം പണം കൈക്കലാക്കുകയായിരുന്നു.

കോഴിക്കോട് മനോരമ ജംഗ്ഷന്‍ ബസ്സ് സ്‌റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് പണം നഷ്ടമായെന്ന് ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ ലീല വേലായുധന്‍, പ്രൊബേഷന്‍ എസ്‌ഐ ജാക്‌സണ്‍ ജോയ്, എഎസ്‌ഐ ശ്രീകാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സമദ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

സമാന കുറ്റകൃത്യം നടത്തുന്ന സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷമീറും ഹുസ്സൈനും പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ നിസാര്‍, ബിനോയ് എന്നിവരുടെ പങ്കും വെളിപ്പെടുത്തുകയായിരുന്നു. പ്രതികളെല്ലാവരും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.