കോഴിക്കോട് പന്തീരാങ്കാവിൽ തേങ്ങ കച്ചവടക്കാരന്‍റെ ഷെഡിൽ നിന്ന് സ്ഥിരമായി തേങ്ങയും അടയ്ക്കയും മോഷ്ടിച്ചിരുന്ന മൂന്നംഗ സംഘത്തെ പിടികൂടി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ കുടുക്കാൻ സഹായിച്ചത്. 

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ ഷെഡില്‍ നിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവാക്കിയ സംഘത്തെ കയ്യോടെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഭിനവ് (22), കുന്നമംഗലം സ്വദേശി വൈശാഖ് (21), ചെത്തുകടവ് സ്വദേശി അഭിനവ് (22) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. തേങ്ങ കച്ചവടക്കാരനായ പന്തീരാങ്കാവ് സ്വദേശി വിഭീഷിന്‍റെ ഷെഡില്‍ നിന്നാണ് ഇവര്‍ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചിരുന്നത്.

നിരന്തരം തേങ്ങ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിഭീഷ് ഷെഡില്‍ സി സി ടി വി കാമറ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ 21ാം തീയ്യതി തേങ്ങ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരാള്‍ പൂട്ടിയിട്ട ഷെഡിന്‍റെ പിന്‍വശത്തെ ഷീറ്റ് മാറ്റി അകത്തു കടക്കുന്നതും തേങ്ങയും അടയ്ക്കയും ചാക്കിലാക്കി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രണ്ട് സഹായികള്‍ ഷെഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതും പതിഞ്ഞിരുന്നു. 24ാം തിയ്യതി വീണ്ടും ഇവര്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെയും തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.