ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ ജോസ് ആന്റണി നിർമ്മിച്ച ഭീമൻ ഫ്ലോറൽ ക്ലോക്ക് അമേരിക്കയിലെ ടെക്സാസിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു.
ചേർത്തല: തൈക്കാട്ടുശേരിയിൽ നിർമിച്ച ഭീമൻ ഫ്ലോറൽ ക്ലോക്ക് അമേരിക്കയിലെ ടെക്സാസിൽ സ്ഥാപിക്കും. തൈക്കാട്ടുശേരി കേളമ്പറമ്പിൽ ജോസ് ആന്റണിയാണ് പത്ത് ലക്ഷം രൂപ ചെലവഴിച്ച് ക്ലോക്ക് നിർമിച്ചത്. ഈ ഭീമൻ ക്ലോക്ക് വെള്ളിയാഴ്ച വിദേശത്തേക്ക് കയറ്റി അയക്കും. മകൾ നികിതയാണ് ക്ലോക്ക് പൂർണമായും ഡിസൈൻ ചെയ്തത്. 90 അടി വ്യാസമുള്ള ഭീമൻ ഫ്ലോറൽ ക്ലോക്കിനായി ഏകദേശം 250 കിലോഗ്രാം ഭാരമുള്ള യന്ത്രസംവിധാനമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഇത് സ്ഥാപിക്കപ്പെടുന്നതോടെ അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഫ്ലോറൽ ക്ലോക്കുകളിൽ ഒന്നായി ഇത് മാറുമെന്ന് ജോസ് ആന്റണി അവകാശപ്പെടുന്നു.
പൂക്കളും വിവിധയിനം അലങ്കാര സസ്യങ്ങളും ഉപയോഗിച്ച് മനോഹരമായി ഒരുക്കുന്ന ക്ലോക്ക് ഡയലിന് മുകളിൽ യഥാർഥ ക്ലോക്ക് സൂചികൾ കൃത്യതയോടെ പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സാധാരണയായി വലിയ ഉദ്യാനങ്ങൾ, പാർക്കുകൾ, പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം ആകർഷകമായ ഫ്ലോറൽ ക്ലോക്കുകൾ സ്ഥാപിക്കാറുള്ളത്.
ക്ലോക്കിന്റെ സൂചികൾ വലിപ്പക്കൂടുതൽ കാരണം കണ്ടെയ്നറിൽ ഉൾക്കൊള്ളിച്ച് കയറ്റി അയക്കാൻ സാധിക്കാത്തതിനാൽ, ജോസ് ആന്റണി നേരിട്ട് ടെക്സാസിൽ എത്തിയാണ് ഇവ നിർമിച്ച് നൽകുക. കഴിഞ്ഞ 30 വർഷമായി അന്താരാഷ്ട്ര തലത്തിൽ ടവർ ക്ലോക്കുകളുടെ നിർമാണ രംഗത്ത് സജീവ സാന്നിധ്യമാണ് ജോസ് ആന്റണി. ഇദ്ദേഹം നടത്തുന്ന ടൂൾ ആൻഡ് ടൈം എന്ന സ്ഥാപനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.


