പാമ്പാടുംപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഇടുക്കി: പാമ്പാടുംപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷിച്ചത്.
2018 മെയ് മാസത്തിലാണ് സംഭവം. അതേവർഷം ഡിസംബറിൽ തങ്കമണി പോലീസാണ് കേസെടുത്തത്. ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിട്ടിക്കും നിർദ്ദേശം നൽകി. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.
Read more: 17-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; കാസർകോട്ട് രണ്ടുപേർ അറസ്റ്റിൽ
അതേസമയം, പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ നാൽപത്തിയാറുകാരനെയും സഹായിയായ എഴുപത്തിയൊന്നുകാരനെയും നഗരൂർ പൊലീസ് പിടികൂടി. വഞ്ചിയൂർ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46), അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കേസിലെ ഒന്നാം പ്രതി ബിജു അവിവാഹിതനാണ്. 2021 മുതൽ ഇയാൾ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. ബിജുവിന്‍റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് ബിജു പെൺകുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അറിയാമായിരുന്നു.
ഇതിനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ബാബുവായിരുന്നു. ബിജുവിന്‍റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് മാതാവ് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് പെൺകുട്ടിയും മാതാവും നഗരൂർ സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജു നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറാകാത്തതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തത്. നഗരൂർ എസ് ഐ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ പോക്സ് വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
