കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം തട്ടിയെടുത്തത്. (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും 3 കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നത്. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം തട്ടിയെടുത്തത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ഇരുവരും നൽകിയ മൊഴി. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
