കഴിഞ്ഞ സെപ്റ്റംബര്‍ 3ന് കുടിയില്‍ നിന്ന് കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് ഗോപാലനെ പതിയിരുന്ന പുലി ആക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആക്രമണത്തില്‍ നിന്നു പുലിയെ വെട്ടിക്കൊന്നാണ് ഗോപാലന്‍ രക്ഷപ്പെട്ടത്. 

അടിമാലി: പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാങ്കുളം ചിക്കണാംകുടി ആദിവാസി സങ്കേതത്തില്‍ നിന്നുള്ള ഗോപാലനു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാസഹായം പാഴ്‌വാക്കായി മാറുന്നു. പരുക്ക് പൂര്‍ണമായും ഭേദമാകാതെ വന്നതോടെ തൊഴിലെടുത്ത് കുടുംബം പുലര്‍ത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഗോപാലന്‍. പുലിയുടെ ആക്രമണത്തില്‍ ഇടതു കൈത്തണ്ടയിലേറ്റ പരുക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാത്തതാണ് ഗോപാലന് വിനയായിരിക്കുന്നത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 3ന് കുടിയില്‍ നിന്ന് കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് ഗോപാലനെ പതിയിരുന്ന പുലി ആക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആക്രമണത്തില്‍ നിന്നു പുലിയെ വെട്ടിക്കൊന്നാണ് ഗോപാലന്‍ രക്ഷപ്പെട്ടത്. ഗുരുതര പരുക്കേറ്റ ഗോപാലനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന ഗോപാലനു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായം നല്‍കുകയും 50,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഗോപാലന്‍ പറഞ്ഞു. 

ക്യാമറകണ്ണുകളില്‍ പതിയുന്നില്ല; പുലികള്‍ എവിടെയെന്നറിയാതെ നെടുങ്കണ്ടത്തെ വനപാലകർ

ആശുപ്രതി വിട്ട ശേഷം കൂലിപ്പിക്കുപോകാന്‍ തീരുമാനിച്ചെങ്കിലും മുറിവ് പൂര്‍ണമായും ഭേദമാകാത്തതിനാൽ പോകാൻ കഴിയുന്നില്ല. നിലവിൽ അസഹനീയമായ വേദനമൂലം ദുരിതമനുഭവിക്കുകയാണ് ​ഗോപാലൻ. ഇതോടെ തൊഴിലെടുക്കാന്‍ കഴിയാതെ കുടിലില്‍ കഴിഞ്ഞു കൂടുകയാണ് ഗോപാലന്‍.