മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം
നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ എത്തുമ്പോള്‍ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു മൂന്നുവയസുകാരന്‍. ആദ്യം കുട്ടിയെ അയല്‍വാസികള്‍ പുറത്തെടുത്തു. റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊടുവള്ളി: കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അപകടമുണ്ടായത്. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മകന്‍റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് റംലയുടെ മകന്‍റെ മൂന്നുവയസുള്ള മകന്‍ കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ എത്തുമ്പോള്‍ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു മൂന്നുവയസുകാരന്‍. ആദ്യം കുട്ടിയെ അയല്‍വാസികള്‍ പുറത്തെടുത്തു. റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നരിക്കുനിയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. അബ്ദുൽ അസീസ്, നുസ്രത്ത് ബീവി എന്നിവർ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവർ മരുമക്കളുമാണ്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ കോട്ടയത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പതിനാല് വയസുകാരന്‍ മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് എന്ന 14കാരനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആര്യനന്ദ്.
നേരത്തെ അബദ്ധത്തില്‍ 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85 കാരിയെ ഫയര്‍ ഫോഴ്സിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. കിണറ്റില്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന പട്ടയത്ത് വീട്ടില്‍ കാളിയെയാണ് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തിയത്. താനൂര്‍ മോര്യ കുന്നുംപുറത്തായിരുന്നു സംഭവം. വൃദ്ധ അയല്‍വാസിയായ കിഴക്കേകര അബ്ദുല്‍ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിലേക്ക് അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആള്‍ മറയുള്ളതും വെള്ളമുള്ളതുമായ കിണറില്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടന്നതാണ് വൃദ്ധയ്ക്ക് രക്ഷയായത്.
കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു, കോട്ടയത്ത് പതിനാലുകാരൻ മരിച്ചു