പന്ത്രണ്ട് ഏക്കറിലാണ് സുരേഷ് കുമാറും ഇദ്ദേഹത്തിന്റെ കൂട്ടായ്മയിലെ സുഹൃത്തുക്കളും ചേര്‍ന്ന് ജൈവരീതിയില്‍ കൃഷി നടത്തുന്നത്. കാലാവസ്ഥാ മാറ്റത്താല്‍ വ്യാപകമായി കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മുന്തിരിയാണ് ഇവിടെ ഏക്കര്‍ കണക്കിന് വളര്‍ത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരി(വയനാട്): പ്രകൃതിക്ഷോഭത്താല്‍ നിരന്തരം കൃഷി തകര്‍ന്നാല്‍ ഒരു കര്‍ഷകന്‍ എന്ത് ചെയ്യും. കൃഷി ഉപേക്ഷിക്കുമെന്നായിരിക്കും നിങ്ങള്‍ കരുതുക. എന്നാല്‍, മലപ്പുറം നിലമ്പൂര്‍ സ്വദേശി സുരേഷ്‌കുമാറിന്റെ കഥ മറിച്ചാണ്. നിരന്തരമുണ്ടായ നഷ്ടങ്ങളിലും അദ്ദേഹം തളര്‍ന്നില്ല. ഇന്ന് സഞ്ചാരികള്‍ എത്തുന്ന മുന്തിരികൃഷി നടത്തുകയാണ് അദ്ദേഹം. നിരവധി പേരാണ് ഇവിടെയെത്തി മുന്തിരിത്തോപ്പ് ആസ്വദിച്ച് പോകുന്നത്.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ തരിശായി കിടന്ന ഭൂമിയെയാണ് സുരേഷ്കുമാർ സമൃദ്ധമായ മുന്തിരിത്തോട്ടമാക്കി മാറ്റിയത്. ശ്രദ്ധ വെച്ചാല്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും മുന്തിരിക്കൃഷി വിജകരമാക്കാന്‍ സാധിക്കുമെന്നതിൻ്റെ തെളിവാണിത്.

പന്ത്രണ്ട് ഏക്കറിലാണ് സുരേഷ് കുമാറും ഇദ്ദേഹത്തിന്റെ കൂട്ടായ്മയിലെ സുഹൃത്തുക്കളും ചേര്‍ന്ന് ജൈവരീതിയില്‍ കൃഷി നടത്തുന്നത്. കാലാവസ്ഥാ മാറ്റത്താല്‍ വ്യാപകമായി കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മുന്തിരിയാണ് ഇവിടെ ഏക്കര്‍ കണക്കിന് വളര്‍ത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച കൃഷി മികച്ച വിജയം കണ്ടതോടെയാണ് കൂടുതല്‍ സ്ഥലത്തേക്ക് തോട്ടം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ജൈവകൃഷിയെന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുന്ന സുരേഷ് കുമാര്‍ രാസവളങ്ങളും രാസകീടനാശിനികളും പരമാവധി ഒഴിവാക്കിയാണ് കൃഷി നടത്തുന്നത്. പുകയില കഷായം, ബോര്‍ഡോ മിശ്രിതം, ചുണ്ണാമ്പുലായനി തുടങ്ങിയ പരമ്പരാഗത ജൈവരീതികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മികച്ച വിളവാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ ലഭിച്ചതെന്ന് സുരേഷ് പറയുന്നു. ഏത് പ്രദേശത്തും അനുയോജ്യമായ പരിപാലനം ലഭിച്ചാല്‍ സീസണ്‍ നിയന്ത്രണങ്ങളില്ലാതെ കൃഷി ചെയ്യാന്‍ കഴിയുന്ന വിളയാണ് മുന്തിരിയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വൈനും ജ്യൂസും നിര്‍മ്മിക്കാന്‍ അനുയോജ്യമായ കറുത്ത മുന്തിരി ഇനമാണ് തോട്ടത്തിലുള്ളത്. ലോകത്ത് വ്യാപകമായി കൃഷി ചെയ്യുന്ന മുന്തിരിവര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണിത്. ഒരു ഏക്കറില്‍ ഏകദേശം 250 ചെടികള്‍ വരെ നട്ടുപിടിപ്പിക്കാനാകും. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്. കിലോയ്ക്ക് 70 രൂപ നിരക്കില്‍ മുന്തിരി നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. അടുത്തഘട്ടമായി കുരുവില്ലാത്ത മുന്തിരി ഇനങ്ങളും നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് കുമാര്‍.