കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ഗുജറാത്തി സ്ട്രീറ്റ് ഉൾപ്പെടുന്ന ഡിവിഷനായ വലിയങ്ങാടി നിലനിർത്താൻ ഇത്തവണയും 'ഗുജറാത്തി' സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. എൻ.ഡി.എ  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അക്ഷയ് തക്രാറിനാണ്  ഗുജറാത്ത് ബന്ധമുള്ളത്.

കാലാവധി കഴിഞ്ഞ കൗൺസിലിലും ഡിവിഷൻ 61 വലിയങ്ങാടിയുടെ പ്രതിനിധി ഗുജറാത്തി വേരുകളുള്ള ജയശ്രീ കീർത്തിയായിരുന്നു. ജെ.ഡി.യു പ്രതിനിയായി യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ്  ജയശ്രീ കീർത്തി വിജയിച്ചത്. പിന്നീട് ജെ.ഡി.യു. എൽ.ഡി.എഫിൽ എത്തിയതോടെ ജയശ്രീ കീർത്തിയും അതിന്‍റെ ഭാഗമായി. 

ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഗുജറാത്ത് ബന്ധം. സ്ഥാനാര്‍ത്ഥിയായ അക്ഷയ് തക്രാറുടെ മുത്തച്ഛനാണ് വ്യാപാരത്തിനായി കോഴിക്കോട്ടെത്തിയത്. തക്രാർ എന്നത് ഗുജറാത്തിലെ കുടുംബപേരാണ്.  ഭരത് തക്രാറിൻറെ മകനായ അക്ഷയ്
വലിയങ്ങാടിയിലെ വ്യാപാരി കൂടിയാണ്.  ജനിച്ചതും വളർന്നതും പഠിച്ചതും കോഴിക്കോട്ടാണ്. ബികോം ബിരുധദാരിയാണ് ഈ 32കാരൻ. 

അച്ഛന്‍റെയും  അമ്മയുടെയും കൂടുതൽ ബന്ധുക്കളും ഇപ്പോഴും ഗുജറാത്തിലാണ്. വിവാഹം, പൂജ പോലുള്ള സന്ദർഭങ്ങളിൽ  ഗുജറാത്തിൽ പോകാറുണ്ടെന്ന് അക്ഷയ് പറഞ്ഞു. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ഉൾപ്പെടെയായി നാനൂറിൽ പരം ഗുജറാത്തി കുടുംബങ്ങൾ ഡിവിഷനിലുണ്ട്. ഈ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അക്ഷയ് തക്രാർ പറയുന്നു. 14 വർഷമായി ബിജെപിയിൽ സജീവമായി പ്രവർത്തിക്കുന്ന അക്ഷയ് യുവമോർച്ച മുൻ ജില്ലാ ട്രഷററും,  വൈസ് പ്രസിഡന്‍റുമായിരുന്നു.  ഇപ്പോൾ ബി.ജെ.പി. പാളയം ഏരിയാ ജനറൽ സെക്രട്ടറിയാണ്.