അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച ഗുരുവായൂരപ്പന്  സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. 

തൃശൂർ: അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണ്ണപ്പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയെന്ന ഭക്തനാണ്. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും. 

നാലാം ഓണമായ ചതയദിനത്തിൽ ഗുരുവായൂരപ്പന് വഴിപാടായി നൂറ് പവനോളം തൂക്കം വരുന്ന സ്വർണ്ണകിണ്ടി ലഭിച്ചുിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ വകയായാണ് സ്വർണ കിണ്ടി സമർപ്പിച്ചത്. ഇതിനു 49,50000 രൂപ വില വരും. ചതയ ദിനത്തിൽ ഉച്ചപൂജക്ക്‌ മുൻപായിട്ടായിരുന്നു സമർപ്പണം. ടി വി എസ് ഗ്രൂപ്പിലെ ഗുരുവായൂരപ്പ ഭക്തനായ രാധാകൃഷ്ണൻ ആണ് സമർപ്പണം നിർവ്വഹിച്ചത്.

കഴിഞ്ഞ മാസമാണ് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചത്. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതായിരുന്നു ഈ സ്വർണ കിരീടം. 

Read more: 'ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്ക വരെ കണ്ടിട്ടുണ്ട്'; വിവാദ ഓഡിയോയിൽ കെസി ജോസഫിന്റെ വിശദീകരണം

കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും അവർ സമർപ്പിച്ചിരുന്നു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. കഴിഞ്ഞ മാസം പത്തിന് ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിൽ എത്തിയാണ് സമർപ്പണം നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്ന് നേരത്തെ വാങ്ങിയിരുന്നു. ദുർഗ്ഗ സ്റ്റാലിൻ നേരത്തെ പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം