ഒരു വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും, നിരവധി വീടുകളും ഭാഗികമായി തകർന്നു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതിയും തടസ്സപ്പെട്ടു.

ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. `1താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ റോയി ഭവനത്തിൽ ജോൺ തോമസിന്റെ (ബാബു) രണ്ട് കാറുകളും ഷെഡ്ഡുകളുമാണ് മരം വീണ് ഭാഗികമായി തകർന്നത്.

വീടിന്റേയും ഷെഡ്ഡിന്റേയും മുകളിലേക്ക്, തൊട്ടടുത്ത ദേവസ്വം ബോർഡിന്റെ പുരയിടത്തിൽ നിന്നിരുന്ന രണ്ട് തേക്ക് മരങ്ങളാണ് കടപുഴകി വീണത്. വീടിന്റെ കാർ പോർച്ചിന്റെ ഷെഡ്ഡ് തകർത്തുകൊണ്ടാണ് കാറുകൾക്ക് മുകളിലേക്ക് മരം വീണത്. മറ്റു മരങ്ങൾ അപകട ഭീഷണിയുയർത്തിയാണ് നിൽക്കുന്നതെന്നും വീട്ടുകാർ പറഞ്ഞു.

താമരക്കുളം ഇരപ്പൻപാറ ആഷ്നാമൻസിൽ സലീനയുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. താമരക്കുളം കിഴക്കെമുറി കൊട്ടയ്ക്കാട്ടുശ്ശേരിയിൽ ഭിന്നശേഷിക്കാരായ അഖിൽ, അനന്ദു എന്നീ യുവാക്കൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മരച്ചില്ലകൾ വീണ് ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു. ഭിത്തികൾക്കും കേടുപാടുണ്ട്. താമരക്കുളം, പാലമേൽ ചുനക്കര, പ്രദേശങ്ങളിൽ മരങ്ങളും മരച്ചില്ലകളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും, കമ്പികൾ പൊട്ടിവീഴുകയും ചെയ്താണ് വൈദ്യുതി തടസ്സപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം