തിരുവനന്തപുരത്ത് തുടരുന്ന കനത്ത മഴയിൽ തീരമേഖലയിലും നാശനഷ്ടം. അടിമലത്തുറയിൽ ലൂർദ് മേരിയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. ശബ്ദം കേട്ട് ഉണർന്ന് പുറത്തേക്കോടിയതിനാൽ ലൂർദ് മേരിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം: തലസ്ഥാനത്ത് ഇടതടവില്ലാതെ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം നഗരത്തിലും മലയോരങ്ങളിലും നാശമുണ്ടായതിന് പുറമേ തീരമേഖലയിലും നാശനഷ്ടമുണ്ടാക്കി. അടിമലത്തുറയിൽ ഓട് മേഞ്ഞ വീടിന്‍റെ മേൽക്കുര തകർന്നു. ശബ്‌ദം കേട്ട് ഉണർന്നു പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അടിമലത്തുറ അമ്പലത്തിൻമൂല സെന്‍റ് ആന്‍റണീസ് കുരിശടിക്കു സമീപം ലൂർദ് മേരിയുടെ വീടാണ് തകർന്നത്. രാത്രി ഉറക്കത്തിനിടെ ഓടു വീഴുന്ന ശബ്ദം കേട്ട് ലൂർദ് മേരി, ഭർത്താവ് പനിയടിമയെയും മക്കളായ കൊച്ചു ത്രേസ്യ, ജോബിൻ എന്നിവരെ വിളിച്ചുണർത്തി പുറത്തേക്കോടുകയായിരുന്നു. തൊട്ടു പിന്നാലെ മേൽക്കൂര വലിയ ശബ്ദത്തോടെ തകർന്ന് വീണു. വീട്ടുപകരണങ്ങളുൾപ്പെടെ തകർന്നു. സമീപത്തെ വീട്ടിലേക്ക് താമസം മാറ്റിയ കുടുംബം വില്ലേജ് ഓഫിസർക്ക് പരാതി നൽകി.


