അമ്പലപ്പുഴ നീർക്കുന്നം അപ്പക്കൽ ശ്രീ ദുർഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്.
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു. അമ്പലപ്പുഴ നീർക്കുന്നം അപ്പക്കൽ ശ്രീ ദുർഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശ്രീ കോവിലിന് സമീപം നിന്ന കൂറ്റൻ പാലമരം കാറ്റിൽ കടപുഴകി സപ്താഹപ്പന്തലിലേക്ക് വീഴുകയായിരുന്നു. ഈ സമയം ജീവനക്കാരും ഭക്തരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തില്‍ സപ്താഹപ്പന്തലിൻ്റെ കോൺക്രീറ്റ് തൂണുകളും ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയും പൂർണമായി തകർന്നു. ഇതിലുണ്ടായിരുന്ന ക്ഷേത്രോപകരണങ്ങളും കസേരകൾ ഉൾപ്പെടെയുള്ള ഫർണീച്ചറും തകർന്നു. ഇൻ്റർലോക്ക് കൊണ്ട് നിർമിച്ച തറയും തകർന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കാറ്റിലും മഴയിലും പാലമരം വീണ് ക്ഷേത്രത്തിന്റെ സപ്താഹപന്തൽ തകർന്നു
അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ - മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.
പത്തനംതിട്ട ജില്ലയിൽ രാവിലെയും മഴ തുടരുകയാണ്. കിഴക്കൻ വന മേഖലയിൽ ഇന്നലെ ഉരുൾപൊട്ടിയിരുന്നു. കക്കാട്ടാർ കരകവിഞ്ഞതോടെ മൂഴിയർ ,മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നുവെച്ചിരിക്കുകയാണ്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Also Read : ജി 20 ഉച്ചകോടി; തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായി ഇന്ത്യ
