മൂന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഇന്നലെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ഇതോടെ അടിയന്തിരമായി സ്ഥാനങ്ങൾ രാജിവയ്ക്കാൻ പാര്‍ട്ടി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു.
കൊല്ലം: ഉമ്മന്നൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോൺഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കാൻ വിസ്സമ്മതിച്ചതോടെ നടപടിയെടുത്ത് കോണ്‍ഗ്രസ്. മ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് അംഗങ്ങളായ ഷീബ ചെല്ലപ്പൻ, സുജാതൻ അമ്പലക്കര എന്നിവരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്ര പ്രസാദിന്‍റേതാണ് നടപടി.
മൂന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഇന്നലെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ഇതോടെ അടിയന്തിരമായി സ്ഥാനങ്ങൾ രാജിവയ്ക്കാൻ പാര്‍ട്ടി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഉമ്മന്നൂരിൽ ഉണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ഡിസിസി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എൽഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി പിന്തുണയിൽ കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒൻപത് പേരും എൽഡിഎഫാണ്.
എട്ട് അംഗങ്ങൾ യുഡിഎഫും മൂന്ന് അംഗങ്ങൾ ബിജെപിയുമാണ്. തെരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരം സിപിഐയിലെ അമ്പിളി ശിവനാണ് ആദ്യം പഞ്ചായത്ത് പ്രസിഡന്‍റായത്. പിന്നീട് സ്ഥാനമാറ്റ ധാരണ പാലിക്കാൻ അമ്പിളി രാജിവച്ചു. സിപിഎമ്മിനെ ബിന്ദു പ്രകാശാണ് പ്രസിഡന്‍റാകേണ്ടിയിരുന്നത്.
എന്നാൽ, ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാവുകയും ചെയ്തു. എന്നാല്‍, ഈ വിഷയം വലിയ ചര്‍ച്ചയായതോടെ സ്ഥാനങ്ങള്‍ രാജിവയ്ക്കാൻ പാര്‍ട്ടി ഷീബ ചെല്ലപ്പൻ, സുജാതൻ അമ്പലക്കര എന്നിവരോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇരുവരും രാജി ആവശ്യം തള്ളിയതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
അതേസമയം, കോട്ടയം ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്സൺ സന്ധ്യ മനോജിനെതിരായ ഇടതുമുന്നണി അവിശ്വാസം പാസായി. യുഡിഎഫ് സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് നഗരസഭ യുഡിഎഫിനെ കൈവിട്ടത്. 37 അംഗ കൌണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

