കൊലക്കേസ് പ്രതികൾക്ക് എൽഎൽബി പഠിക്കണം, അനുമതി നൽകി ഹൈക്കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം
ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്.

കണ്ണൂർ: ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്.
പി.സുരേഷ് ബാബുവും, വി.വിനോയിയും രണ്ടുപേരും കൊലക്കേസ് പ്രതികളാണ്. ജീവപര്യന്തം തടവുകാർ. ചീമേനിയിലെ തുറന്ന ജയിലിലാണ് സുരേഷ്. വിനോയ് കണ്ണൂർ സെൻട്രൽ ജയിലിൽ. പ്രവേശന പരീക്ഷയെഴുതി ഇരുവരും നിയമബിരുദ പഠനത്തിന് യോഗ്യത നേടുകയായിരുന്നു. സുരേഷ് ബാബു കുറ്റിപ്പുറം കെഎംസിടി കോളേജിലും. വിനോയ് പൂത്തോട്ട എസ്എൻ കോളേജിലും. തടവിലിരുന്ന് എങ്ങനെ റെഗുലറായി നിയമം പഠിക്കും? റെഗുലറായി പഠിക്കാതെങ്ങനെ അഭിഭാഷകരായി എൻറോൾ ചെയ്യും?
കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇന്ന് വിധി
ശിക്ഷ മരവിപ്പിക്കണമെന്നും പഠിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയിലെത്തി. അതിലാണ് ശ്രദ്ധേയ ഉത്തരവ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തടവുകാരന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് പഠിക്കാം. ഓൺലൈനായി ക്ലാസിലിരിക്കാം. അതിന് ജയിൽ സൂപ്രണ്ടുമാരും കോളേജ് പ്രിൻസിപ്പൽമാരും സൗകര്യമൊരുക്കണം. റെഗുലർ ക്ലാസിന് തുല്യമായി ഇത് പരിഗണിക്കണം. മൂട്ട് കോർട്ട്, ഇന്‍റേൺഷിപ്പ് സെമിനാറുകൾ എന്നിവയ്ക്കെല്ലാം കോളേജിലെത്തേണ്ടി വരും. ഒരു ലക്ഷം രൂപയുടെ ബോണ്ടിൻമേൽ ജയിൽ സൂപ്രണ്ട് ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിടുന്നു. ഇതോടെ എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാനെത്തുന്ന ആദ്യ തടവുകാരാകും സുരേഷും വിനോയിയും.
https://www.youtube.com/watch?v=Ko18SgceYX8