ഇരു സംസ്ഥാനങ്ങളിലും അടുത്ത കാലത്തുണ്ടായ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് ചോളകൃഷിയെയാണ്. കൃഷി നഷ്ടമായതോടെ ചോളം പാകമാകുന്നതിന് മുമ്പു തന്നെ കര്‍ഷകര്‍ ചോളത്തണ്ട് വെട്ടിവില്‍ക്കുകയാണ്. ചോളത്തിനെക്കാളും വില ലഭിക്കുമെന്നതാണ് ഇതിന് കാരണമായി കര്‍ണാടകയിലെ കര്‍ഷകര്‍ പറയുന്നത്. 

കല്‍പ്പറ്റ: കാലിത്തീറ്റക്ക് അടിക്കടി വില വര്‍ധിച്ചുകൊണ്ടിരിക്കെ വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. യൂറിയയും ഉപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന നാടന്‍ കാലിത്തീറ്റകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ ആഴ്ച തോറും വില വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ണാടകയിലും തമിഴ്‌നാട്ടിലും വേണ്ടത്ര ഉണങ്ങിയ ചോളം ലഭിക്കാത്തതാണ് അടിക്കടി വില കയറാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഇരു സംസ്ഥാനങ്ങളിലും അടുത്ത കാലത്തുണ്ടായ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത് ചോളകൃഷിയെയാണ്. കൃഷി നഷ്ടമായതോടെ ചോളം പാകമാകുന്നതിന് മുമ്പു തന്നെ കര്‍ഷകര്‍ ചോളത്തണ്ട് വെട്ടിവില്‍ക്കുകയാണ്. ചോളത്തിനെക്കാളും വില ലഭിക്കുമെന്നതാണ് ഇതിന് കാരണമായി കര്‍ണാടകയിലെ കര്‍ഷകര്‍ പറയുന്നത്. കേരളത്തിലേക്കടക്കം വന്‍കിട ഫാമുകളിലെ പശുകള്‍ക്ക് നല്‍കാനായി ഇത്തരത്തില്‍ ചോളത്തണ്ട് മാസങ്ങള്‍ക്ക് മുമ്പേ എത്തിച്ചിരുന്നു. കാലിത്തീറ്റയുടെ വില വര്‍ധിച്ചതോടെ പിണ്ണാക്കിനും വില കൂട്ടിയാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. 

20 മുതല്‍ 50 രൂപ വരെയാണ് 25 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് വില വര്‍ധിച്ചത്. പാല്‍ സൊസൈറ്റികളില്‍ എത്തുന്ന ചോളപൊടി കാലിത്തീറ്റക്ക് 570 മുതല്‍ 580 രൂപ വരെയാണ് ഇപ്പോള്‍ വില. ചോളത്തോടൊപ്പം മറ്റ് ധാന്യങ്ങള്‍ കൂടി ചേര്‍ത്ത് പൊടിച്ചെടുക്കുന്ന സമീകൃത കാലിത്തീറ്റക്കാകട്ടെ 625 രൂപയാണ്. 

ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ് കാലിത്തീറ്റ വിലവര്‍ധനയില്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത്. പാലിന് ഗുണമേന്മ തിരിച്ചാണ് കര്‍ഷകര്‍ക്ക് മില്‍മ വില നല്‍കുന്നത്. അതിനാല്‍ പാലിന്റെ ഗുണമേന്മ കുറയുമെന്ന് കരുതി കൂടിയ വിലയിലും ചോളപൊടിയും പിണ്ണാക്ക് അടക്കമുള്ളവയും വാങ്ങി നല്‍കുകയാണ് ക്ഷീരകര്‍ഷകര്‍. അതേ സമയം രണ്ട് മാസത്തേക്ക് കൂടി വിലഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.