Asianet News MalayalamAsianet News Malayalam

ഒരു കോടി ചെലവ്; വയനാട് ജില്ലാ മൃഗാശുപത്രിയിൽ ഹൈടെക് ലബോറട്ടറി തയ്യാര്‍

മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്താനായി ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലാ മൃഗാശുപത്രിയിൽ ലബോറട്ടറി സ്ഥാപിച്ചത്. 

 high tech veterinary laboratory inaugurated in wayand
Author
First Published Nov 3, 2022, 11:41 PM IST

വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.  മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തു ന്നതിനായി   എല്ലാ ബ്ലോക്കുകളിലും മൃഗ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന്  മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തിൽ നടപ്പാക്കിയ ടെലി വെറ്റിറിനറി യൂണിറ്റ് സംവിധാനവും  വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്ന്  മന്ത്രി പറഞ്ഞു. 

മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്താനായി ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലാ മൃഗാശുപത്രിയിൽ ലബോറട്ടറി സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ആര്‍.എന്‍.എ എക്‌സ്ട്രാക്ടര്‍, ആര്‍.ടി.പി.സി.ആര്‍, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ , ഡിജിറ്റല്‍ എക്സറേ മെഷീന്‍, ബയോ സേഫ്റ്റി കാബ് എന്നീ അത്യാധുനിക ഉപകരണങ്ങൾ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.   

ആകെ 1.07 കോടി രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവിട്ടത്. ചടങ്ങിൽ ആശുപത്രി ചുറ്റുമതിലിന്റെ പ്രവർത്തി ഉദ്ഘടനവും ആഫ്രിക്കൻ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥർക്കുള്ള ധനസഹായ വിതരണവും മന്ത്രി  നിർവ്വഹിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തിലെ പന്നി കർഷകരായ  ഇ.ടി തോമസ് ,  പി.ടി ഗിരീഷ്  എന്നിവർക്കാണ് നഷ്ട പരിഹാര തുക നൽകിയത്.  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സീന ജോസ് പല്ലൻ റിപ്പോർട്ട് അവതരിപ്പിച്ചു.

നേരത്തെ വയനാട്ടിലെ ക്ഷീരമേഖലയെ സഹായിക്കുന്നതിനായി പുല്‍പ്പള്ളി ആനപ്പാറയില്‍ ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് സഹായകമാവുന്നതാണ് കിടാരി പാര്‍ക്ക്. 

Follow Us:
Download App:
  • android
  • ios