കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ്, വജ്രജൂബിലി വർഷത്തിൽ രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ ആസ്ഥാനത്ത് ചെയർപേഴ്‌സൺ ഡോ. അനിത തമ്പി പതാക ഉയർത്തി
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച് എൽ എൽ) രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ എച്ച് എൽ എൽ ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി. എച്ച് എൽ എല്ലിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസം, ദീർഘകാല സേവനം, മികച്ച ഡിപ്പാർട്മെന്റ്, കല – കായിക നേട്ടങ്ങൾ എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എച്ച് എൽ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. എച്ച് എൽ എൽ ഡയറക്ടർ (മാർക്കറ്റിംഗ്) എൻ അജിത്, ഡയറക്ടർ (ഫിനാൻസ്) രമേശ് പി എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ദൃശ്യവിരുന്നായി റിപ്പബ്ലിക് ദിന പരേഡ്
അതേസമയം എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ദൃശ്യ വിരുന്നായിരുന്നു രാജ്യ തലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡ്. വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വര്‍ഷം പ്രമേയമാക്കി നടന്ന വര്‍ണ്ണാഭമായ പരേഡ് കര്‍ത്തവ്യപഥിനെ സമ്പന്നമാക്കി. ഡിജിറ്റല്‍ സാക്ഷരതയും, വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യവും പരേഡിൽ വലിയ ശ്രദ്ധ നേടി. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് ഇത്തവണത്തെ പരേഡില്‍ വിശിഷ്ടാതിഥികളായത്. രാവിലെ പത്തരയോടെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്തവ്യപഥിലേക്ക് എത്തി. ഈ വർഷത്തെ വിശിഷ്ടാതിഥികളായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവം പരേഡിന് സാക്ഷിയാകാന്‍ കർത്തവ്യ പഥിലേക്കെത്തി. പ്രതിരോധ രംഗത്ത് സൈനിക കരുത്തും സ്വയം പര്യാപ്തതയും വിളിച്ചോതിക്കൊണ്ടാണ് സേനകൾ പരേഡിൽ തിളങ്ങിയത്. സിന്ദൂർ ഫോർമേഷനിൽ വ്യോമസേന വിമാനങ്ങൾ അണി നിരന്നു, വിവിധ സേനാ വിഭാഗങ്ങള്‍ ആയുധ ശേഷിയിലുള്ള കരുത്ത് പ്രദര്‍ശിപ്പിച്ചു. കൗതുകകാഴ്ച്ചയായി കരസേനയുടെ വെറ്റിനറി സംഘവും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പതിനൊന്നാമതായി കേരളത്തിന്റെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിനിറങ്ങി. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയും വാട്ടർമെട്രോയും പ്രമേയമാക്കിയ പ്ലോട്ടിനെകുറിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് വിവരിച്ചു. ജെല്ലിക്കെട്ട് പ്രമേയമാക്കിയ തമിഴ്നാടിന്റെ പ്ലോട്ടും കൈയടി നേടി. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ പാർലമെന്റിലടക്കം ചർച്ചയായ വന്ദേമാതരം പരേഡിലും നിറഞ്ഞുനിന്നു. വിവിധ സേനകളുടെ സാഹസിക അഭ്യാസപ്രകടനങ്ങൾക്കും, ഫ്ലൈ പാസ്റ്റിനും ശേഷം പരേഡ് അവസാനിച്ചു.


