ആലപ്പുഴ: ചാരായം വാറ്റാനുപയോഗിച്ച ഹൗസ് ബോട്ട് ഉടമയ്ക്ക് വിട്ടുനൽകിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന എക്സൈസിന്റെ ഹർജി കോടതി തള്ളി. ചാരായം നിർമ്മിക്കുന്നതിനാവശ്യമുള്ള 125 ലിറ്റർ കോട സൂക്ഷിച്ചു എന്നാരോപിച്ച് ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത 'അവർണ്ണാസ്' എന്ന ഹൗസ് ബോട്ട് ഉടമയ്ക്ക് തിരിച്ചു നൽകണമെന്ന ആലപ്പുഴ ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത്, ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 

അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യക്കാരുടെ ബോണ്ടിൽ ഹൗസ്ബോട്ട് ഉടമയ്ക്ക് വിട്ടുകൊടുക്കണമെന്ന് നേരത്തെ കോടതി ഉത്തരവായിരുന്നു. ഇത് അവഗണിച്ച് ഹൗസ് ബോട്ട് വിട്ടുനൽകാതെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എക്സൈസ് കമ്മീഷണർ കോടതിയിൽ ഹർജി ബോധിപ്പിച്ചത്. ഹർജി നിലനിൽക്കുന്നതല്ല എന്നും ബോട്ട് വിട്ടുനൽകാൻ നിർദ്ദേശിച്ച് നൽകിയ ഉത്തരവ് ഇപ്പോഴും നിയമാനുസരണം നിലനിൽക്കുകയാണെന്നും കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. 

Read More: കോട സൂക്ഷിച്ചതിന് ഹൗസ് ബോട്ട് കണ്ടുകെട്ടി; വിട്ടുനല്‍കാന്‍ ഉത്തരവായിട്ടും മടികാണിച്ച് എക്‌സൈസ് 

ഹർജിക്കാരനുവേണ്ടി അഭിഭാഷകനായ പി പി ബൈജു കോടതിയിൽ ഹാജരായി. പുതിയ വിധിപ്പകർപ്പ് ഹർജിക്കാരൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിയ്ക്കും നേരിട്ട് അയച്ചു കൊടുക്കും. ഇനിയും ഉത്തരവ് പാലിക്കുന്നതിൽ വിമുഖത കാട്ടിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.