പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിക്കാണ് ഈ ഗതികേട്. വീട്ടുമുറ്റം താവളമാക്കിയ തെരുവ് നായ്ക്കള്‍ മൂന്ന് തവണ കാര്‍ത്ത്യായനിയുടെ പിന്നാലെ ഓടിയിരുന്നു.

മലപ്പുറം: വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങി മലപ്പുറത്തെ വീട്ടമ്മ. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിക്കാണ് ഈ ഗതികേട്. വീട്ടുമുറ്റം താവളമാക്കിയ തെരുവ് നായ്ക്കള്‍ മൂന്ന് തവണ കാര്‍ത്ത്യായനിയുടെ പിന്നാലെ ഓടിയിരുന്നു. തൊഴിലുറപ്പ് ജോലിയും മുടങ്ങി. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായതോടെ ഒരാഴ്ചയായി സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് കാര്‍ത്ത്യായനി. ദൂരെ ജോലിക്ക് പോയ മകന്‍ തിരിച്ചെത്തിയാന്‍ മാത്രമേ സ്വന്തം വീട്ടിലേക്ക് മടങ്ങൂ എന്നും കാര്‍ത്ത്യായനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ തെരുവുനായ ആക്രമണം ഇന്നും രൂക്ഷമായി തുടരുകയാണ്. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും,തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സീൻ ലഭ്യമില്ലായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തായിരുന്നു. ആ സമയത്തായിരുന്നു നായ മുറിയില്‍ കയറി വന്ന് കയ്യില്‍ക്കടിച്ച് പരിക്കേല്‍പിച്ചത്. 

അതിനിടെ, തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. നായ്ക്കളെ കൊല്ലുന്നത് തടവ് ലഭിക്കുന്ന കുറ്റമാണ്. ജന ജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. ഓരോ എസ് എച്ച് ഒമാരും റസിഡൻസ് അസോസിയേഷന്നുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.