പൊരുമ്പാമ്പ് ആടിനെ വിഴുങ്ങിയതിന് പിന്നാലെ സ്ഥലത്തെത്തിയ ഗ്രാമീണര്‍ കോടാലി കൊണ്ട് വെട്ടി പാമ്പിനെ കൊലപ്പെടുത്തുകയായിരുന്നു. 

ത്തര്‍പ്രദേശിലെ ഝാൻസിയിൽ കര്‍ഷകന്‍റെ ആടിനെ വിഴുങ്ങിയ 20 അടി നീളമുള്ള പെരുമ്പാമ്പിനെ ഗ്രാമീണര്‍ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചത്ത ആടിനെയും പെരുമ്പാമ്പിനെയും ഗ്രാമവാസികൾ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമ്മിശ്രവികാരങ്ങളാണ് സൃഷ്ടിച്ചത്.

ഭാരത് സമാചാര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് രണ്ട് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. ആദ്യത്തെ വീഡിയോയില്‍ ഗ്രാമീണര്‍ ചത്ത ആടിനെ തൂക്കിയെടുത്ത് പോകുന്നത് കാണാം. പിന്നാലെ മറ്റൊരാൾ ഒരു കയറില്‍ ചത്ത പെരുമ്പാമ്പിനെ കെട്ടിവലിക്കുന്നു. രണ്ടാമത്തെ വീഡിയോയില്‍ ഒരു പൊന്തകാട്ടിൽ ഒരു സംഘം യുവാക്കൾ വടി ഉപയോഗിച്ച് കുത്തി ഇളക്കി പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു. പതിനായിരക്കണക്കിനാളുകൾ ഇതിനകം വീഡിയോ കണ്ടു.

Scroll to load tweet…

മുകുണ്ടി രാജ്പൂരിന്‍റെ മകൻ ജസ്വന്ത് രാജ്പുത് (35) എന്ന കർഷകൻ രാജ്ഘട്ട് കനാലിനടുത്തുള്ള വയലിൽ തന്‍റെ ആടുകളെയും മറ്റ് കന്നുകാലികളെയും മേയിക്കുകയായിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് നിന്നും ഒരു പെരുമ്പാമ്പ് ഇഴഞ്ഞ് വന്ന് ആടിനെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പാമ്പ് പിടികൂടിയതിന് പിന്നാലെ ആട് നിലവിളിച്ച് തുടങ്ങി. ഇതോടെയാണ് ജസ്വന്ത് സംഭവം അറിഞ്ഞത്. ഉടനെ ഇയാൾ ഗ്രാമീണരെ വിവരം അറിയിച്ചു. പിന്നാലെ എത്തിയ ഗ്രാമീണര്‍ ആടിനെ വിഴുങ്ങി കുറ്റിക്കാട്ടിൽ വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ പിടികൂടി കോടാലിക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രദേശത്ത് ആദ്യമായാണ് ഒരു പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഇത് ഗ്രാമീണരിലും കര്‍ഷകരിലും ഒരുപോലെ പരിഭ്രാന്തി സൃഷ്ടിച്ചു. പാടത്തും കുറ്റിക്കാട്ടിലും പോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ എന്തു കൊണ്ട് വനം വകുപ്പിനെ അറിയിച്ചില്ലെന്നും ആട് ചത്തിട്ടും പാമ്പിനെ കൊലപ്പെടുത്തിയത് മോശമായിപ്പോയെന്നും കുറിച്ചു.