വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സർക്കാരുകളും സർക്കാർ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികൾ നടപ്പിലാക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് : 168 ഗുണഭോക്താക്കൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സർക്കാരുകളും സർക്കാർ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികൾ നടപ്പിലാക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ നിരീക്ഷണം.
കോഴിക്കോട് ജില്ലാകളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ കുരുവട്ടൂർ പഞ്ചായത്തിൽ അനുവദിച്ച് നൽകിയ ഭൂമിയിലേക്ക് വാഹന ഗതാഗതം ലഭ്യമല്ലെന്ന് പറയുന്നു. പുറ്റമണ്ണിൽ താഴം റോഡിൽ നിന്നും നടപാത മാത്രമാണുള്ളത്. നിലവില്‍ ഈ നടപ്പാത പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. 168 വ്യക്തികൾക്ക് ഭൂമി പതിച്ച് നൽകിയെങ്കിലും താമസക്കാരാരും എത്തിയിട്ടില്ല. അതിനാൽ പഞ്ചായത്ത്, സ്പെഷ്യൽ സ്കീമിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ 3 സെന്‍റ് ഭൂമി അനുവദിച്ച ചെന്നിക്കോട് പറമ്പിൽ ഉഷയ്ക്ക് വേണ്ടിയാണ് പൊതു പ്രവർത്തകനായ എ. സി. ഫ്രാൻസിസ് കമ്മീഷനെ സമീപിച്ചത്. ഉഷ അടക്കമുള്ള 168 പേർക്കും വീട് നിർമ്മിക്കാൻ സൗകര്യപ്രദമായ സ്ഥലം അനുവദിക്കുകയോ അല്ലെങ്കിൽ നിലവിൽ സ്ഥലം സഞ്ചാര യോഗ്യമാക്കുകയോ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എളുപ്പവും പ്രാവർത്തികവുമായത് ഏതാണെന്ന് പരിശോധിച്ച് എത്രയും വേഗം ജില്ലാ കളക്ടർ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
വർക്കല പാപനാശത്ത് റിസോർട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു
തിരുവനന്തപുരം: വർക്കല പാപനാശത്ത് റിസോർട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലാണ് (22) ആക്രമണത്തിനിരയായത്. ഇതേ റിസോർട്ടിലെ മുൻ ജീവനക്കാരനാണ് അമലിനെ അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അമലിനെ പരിക്കുകളോടെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമി സംഘം പാപനാശത്തെ റിസോർട്ടിന് സമീപത്തെത്തി ബഹളമുണ്ടാക്കിയത്. കാര്യം അന്വേഷിക്കാനെത്തിയപ്പോൾ ഇവര്‍ അമലിനെ ആക്രമിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് അമലിന്‍റെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയേറ്റ് വീണ അമലിനെ അക്രമി സംഘം തീരത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടെ അമലിന്‍റെ ബോധം നഷ്ടമായി. ഈ സമയം ഭയന്ന അക്രമി സംഘം അമലിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ബോധരഹിതനായി കടൽത്തീരത്ത് കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വർക്കല പൊലീസ് അക്രമികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
