മുത്തശ്ശിയെയും കൊച്ചുമകളെയും ഇടിച്ചിട്ട കാർ കണ്ടെത്താനാകാതെ ആറ് മാസം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
സിസിടിവി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുണ്ടായിട്ടും വടകര പോലീസിന് വാഹനം കണ്ടെത്താനാവാത്തതില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. നാല് മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെങ്കിലും പുരോഗതിയുണ്ടായില്ല.
കോഴിക്കോട്: വടകര ചേറോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശി മരിക്കുകയും കൊച്ചുമകള്‍ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കഴിഞ്ഞ ഫെബ്രുവരി 17ന് അപകടനം നടന്ന് ആറ് മാസം പിന്നിട്ടിട്ടും ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നാലാഴ്ചക്കകം ഹാജരാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 17ന് രാത്രി 10 നാണ് കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശി തൃഷാനയെയും (9) മുത്തശ്ശി ബേബി (68) യെയും അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍.പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തൃഷാന ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃഷാനക്ക് ഇതുവരെ ബോധം വന്നിട്ടില്ല. വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന വിവരം മാത്രമേ ഇതുവരേ ലഭിച്ചിട്ടുള്ളൂ.
സിസിടിവി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുണ്ടായിട്ടും വടകര പോലീസിന് വാഹനം കണ്ടെത്താനാവാത്തതില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. നാല് മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെങ്കിലും പുരോഗതിയുണ്ടായില്ല. ഇടിച്ച കാര്‍ കണ്ടെത്താനായില്ലെങ്കില്‍ കുടുംബത്തിന് ഇന്‍ഷുറന്‍സ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ വരാന്തയിലാണ് തൃഷാനയുടെ കുടുംബം കഴിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം