കോളേജ് ടാങ്കിലെ അസ്ഥികൂടം അവിനാശിന്റേതോ ?2017 മുതൽ കാണാതായ യുവാവിലേക്ക് അന്വേഷണം ,ആത്മഹ്യയോ കൊലപാതമോ?
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ തലശേരി സ്വദേശിയായ അവിനാശിൻെറ ഡ്രൈവിംഗ് ലൈസൻസ് കേന്ദ്രീകരിച്ചാണ് അന്വേഷണം. അവിനാശിൻെറ അച്ഛൻെറ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ കാടിന് നടക്കുള്ള വാട്ടർ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശം ചർച്ചയാകുന്നത്.വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അതോററ്റിക്ക് ടാങ്ക് നിർമ്മിക്കാനായി സർവ്വകലാശാല പാട്ടത്തിന് നൽകിയ ഭൂമിയാണിത്. ദേശീപാതക്ക് സമീപമുള്ള ഈ ഭൂമിയിൽ നിർമ്മിച്ച ടാങ്കിൽ ഇപ്പോള്‍ പമ്പിംഗ് നടക്കുന്നില്ല. മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമ്മിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ ടാങ്ക് വാട്ടർ അതോററ്റി പൊളിച്ചു മാറ്റിയതുമില്ല. കാടുമൂടി ഈ പ്രദേശം ഇന്ന് ഇഴജന്തുക്കളുടേയും മുള്ളിപന്നികളുടെയും വാസസ്ഥലമാണ്.
നാലു വർഷം മുമ്പാണ് ചുറ്റുമതിൽ നിർമ്മിച്ചത്.ഇവിടേക്ക് ആർക്കുവേണമെങ്കിലും കയറാവുന്ന അവസ്ഥയായിരുന്നു. ഈ കാട്ടിന് നടുവിലുള്ള ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹ്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്. അതിന് മുമ്പ് മൃതദേഹ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയ ലൈസൻസ് ഉടമയുടെയാതാണോ ഈ മൃതദേഹമെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തണം. തലശ്ശേരി സ്വദേശിയായ അവിനാശിൻെറ പേരിലാണ് ലൈസൻസ്.
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം, സമീപം ഡ്രൈവിംഗ് ലൈസൻസ്
2017ന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോൾ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐടിമേഖലയിൽ ജോലി ചെയ്കിരുന്ന അവിനാശ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലൈസൻസ് ഉടമയുടെ അച്ഛൻ നാളെ പൊലീസിന് മുന്നിൽ ഹാജരാകും. ഇയാളുടെ ഡിഎൻഎ പരിശോധിച്ച് മൃതദേഹ അവശിഷ്ടം മകൻറേതാണോ എന്ന് ഉറപ്പിക്കാനാണ് നീക്കം.
