Asianet News MalayalamAsianet News Malayalam

മകളുടെ മരണം കൊലപാതകമെന്ന് പിതാവ്; രണ്ടര വര്‍ഷമായി ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍


2020 ജൂണ്‍ 18 നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടന്‍ അബ്ദുള്ളയുടെയും ഖമറുന്നീസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

husband was arrested on suspicion of his wife s death
Author
First Published Dec 5, 2022, 3:05 PM IST


കല്‍പ്പറ്റ: യുവതിയുടെ മരണത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി ഒളിവിലായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി കെ മഹേഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ പൊലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.

2020 ജൂണ്‍ 18 നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടന്‍ അബ്ദുള്ളയുടെയും ഖമറുന്നീസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് പിതാവ് പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു അബ്ദുള്‍ സമദ് ഒളിവില്‍ പോയത്. ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാരോപിച്ച് പിതാവ് അബ്ദുള്ള ഗൂഢല്ലുര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം ഗൂഡല്ലൂര്‍ ഡി.എസ്.പി. മഹേഷിന്‍റെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. 

2017 ഓഗസ്ത് 15 -നായിരുന്നു അബ്ദുള്‍ സമദും ഫര്‍സാനയും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ് കാലത്ത് തന്‍റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്‍റെ ആവശ്യാര്‍ത്ഥം 2019-ല്‍ ഗൂഡല്ലൂര്‍ ടൗണില്‍ ഫര്‍സാന പേരില്‍ മൊബൈല്‍ ഷോപ്പ് ഇട്ട് കൊടുത്തയായും അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായ സമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാം മൈലിലും പിന്നീട് രണ്ടാം മൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടക വീട് തരപ്പെടുത്തി നല്‍കിയതായും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ് സമയമായതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് നിരന്തരം പോകാന്‍ കഴിയുമായിരുന്നില്ല. മകളുടെ മരണ വിവരം രാത്രി വൈകിയാണ് അറിഞ്ഞതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മകളുടെ മൃതദേഹം കാണിക്കാന്‍ പോ ലീസ് ഉള്‍പ്പടെ തയ്യാറായില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ബന്ധിപ്പിച്ച് ഒപ്പ് വെപ്പിച്ചതായും അബ്ദുല്ല പരാതിയില്‍ പറയുന്നു. അതേ സമയം പാചകം ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫര്‍സാന മുറിയില്‍ കയറി വാതിലടച്ചെന്നും പിന്നീട് വാതില്‍ ബലമായി തുറന്നപ്പോള്‍ ഭാര്യ തൂങ്ങി നില്‍ക്കുന്നതായി കണ്ടുവെന്നുമാണ് ഭര്‍ത്താവ് അബ്ദുല്‍ സമദ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. 

ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങി മരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തുകയായിരുന്നുവെന്നുമാണ് അബ്ദുള്‍ സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഫര്‍സാനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരംരഗത്തേക്ക് എത്തിയത്. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതി അബ്ദുള്‍ സമദിനെ റിമാന്‍റ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios