കോഴിക്കോട്: വൃത്തിഹീനമായ കോഴിക്കോട് സെൻട്രൽ മാർക്കറ്റിനെ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ച ശുചിത്വ ഹർത്താൽ. ടൗൺ ജനമൈത്രി പൊലീസ്, കോഴിക്കോട് കോർപ്പറേഷൻ - സെൻട്രൽ മാർക്കറ്റ് ശുചിത്വ സേന എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ബുധനാഴ്ച മാർക്കറ്റും അനുബന്ധ സ്ഥാപനങ്ങളും വ്യാപാരവും നിർത്തിവെച്ചാണ് ശുചിത്വ ഹർത്താൽ ആചരിക്കുന്നത്. 112 വർഷത്തെ മാർക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു കൂട്ടായ്മയിലൂടെ ശുചീകരണ ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. മലബാറിലെ തന്നെ വലിയ മത്സ്യ മാർക്കറ്റാണിത്. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന ശുചീകരണ ഹർത്താലിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ടൗൺ സ്റ്റേഷന്റെ പരിധിയിലെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന ടൗൺ ജനമൈത്രി പൊലീസ് അറിയിച്ചു.