പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച് ഷീറ്റിട്ട ഈ ഒറ്റ മുറി വീടിനുള്ളിലാണ് ഷിനിയും മൂന്നു പെൺമക്കളും കഴിഞ്ഞിരുന്നത്. സമീപത്തെ തോട്ടിലൂടെ എത്തിയ മലവെളളം ഇവരുടെ വീട് തകർത്തു. സാധനങ്ങളെല്ലാം കൊണ്ടു പോയി. ഭർത്താവ് വീട്ടിൽ വരാറില്ലാത്തതിനാൽ തുണിക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇവർ കഴിയുന്നത്
ഇടുക്കി: പ്രളത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ ആവശ്യമായ രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാത്തതിനാൽ വിഷമത്തിലായിരിക്കുകയാണ് ഒരമ്മയും മൂന്നു പെൺമക്കളും. സ്വകാര്യ പണമിടപാട് സ്ഥാപനം സ്ഥലം ജപ്തി ചെയ്യിച്ചതാണ് രേഖകൾ കിട്ടാൻ തടസ്സം. ഇടുക്കി പേപ്പാറ സ്വദേശി ഷിനിക്കും പെണ്‍ മക്കൾക്കുമാണ് ഈ ദുര്‍ഗതി.
പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ച് ഷീറ്റിട്ട ഒറ്റ മുറി വീടിനുള്ളിലാണ് ഷിനിയും മൂന്നു പെൺമക്കളും കഴിഞ്ഞിരുന്നത്. സമീപത്തെ തോട്ടിലൂടെ എത്തിയ മലവെളളം ഇവരുടെ വീട് തകർത്തു. സാധനങ്ങളെല്ലാം കൊണ്ടു പോയി. ഭർത്താവ് വീട്ടിൽ വരാറില്ലാത്തതിനാൽ തുണിക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇവർ കഴിയുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് ഇവർക്ക് വീടനുവദിച്ചിട്ടുണ്ട്. എന്നാൽ കൈവശരേഖ കിട്ടാത്തതിനാൽ പണി ചെയ്യാനാകുന്നില്ല.
വാഹനം വാങ്ങാൻ ഭർത്താവ് സ്ഥലം പണയപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തിരുന്നു. തവണ മുടങ്ങിയതോടെ പണം ഈടാക്കാൻ സ്ഥലം ജപ്തി ചെയ്തു. രണ്ടര ലക്ഷം രൂപ അടച്ചാലെ കേസ് പിൻവലിക്കുകയുള്ളൂ എന്ന നിലപാടിലാണ് സ്ഥാപനം. കേസ് പിൻവലിച്ചാലേ റവന്യൂ വകുപ്പിന് രേഖകൾ നൽകാൻ കഴിയുകയുള്ളൂ.

