പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ

കോഴിക്കോട്: കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. രാവിലെ 8:45 ഓടെയായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് തെറിച്ചു വീണ് രണ്ട് പേര്‍ മരിച്ചു 

തൃശ്ശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. പുന്നയൂർക്കുളം അകലാട് മഠത്തിപ്പറമ്പിൽ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കൽ ഷാജി എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് ഷീറ്റുകൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല. മതിയായ സുരക്ഷയില്ലാതെയാണ് ഷീറ്റുകൾ കൊണ്ടുവന്നത്. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ കടന്നുകളഞ്ഞു. 

വൈത്തിരിയിൽ ബസ് കടയിലേക്ക് ഇടിച്ചു കയറി: നിരവധി പേര്‍ക്ക് പരിക്ക് 

വയനാട്: വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

നാൽപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിരവധിപേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിന്റെ മുൻഭാഗം പൂർണ്ണമായും കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ബസ് പാഞ്ഞു കയറിയ കട പൂർണമായും തകർന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റു. സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ
ശേഷമാണ് ബസ് പുറത്തേക്ക് എടുത്തത്.