ഉദ്യോഗസ്ഥ സംഘം പയ്യോളി, വടകര ഭാഗങ്ങളില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ  ആവിക്കല്‍ ബീച്ചില്‍ കൃത്രിമ പാര് സൃഷ്ടിച്ചുകൊണ്ടുള്ള നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: ബേപ്പൂരില്‍ (Beypore) അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട (Illegal Fishing) ബോട്ടും ഫൈബര്‍ വള്ളങ്ങളും പിടികൂടി. അനധികൃത മത്സ്യബന്ധന രീതികള്‍ കണ്ടുപിടിക്കുന്നതിന്‍റെയും തടയുന്നതിന്‍റെയും ഭാഗമായി മലമ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത കെ.ടി, ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് പി. അനീശന്‍ എ.കെ എന്നിവരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.

ഹാര്‍ബര്‍ പരിസരത്ത് ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിയമാനുസൃത വലിപ്പത്തില്‍ കുറഞ്ഞ ചെറുമത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. 4,800 കി.ഗ്രാം മിക്‌സഡ് കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ.ലബീബ് അറിയിച്ചു. സംഘത്തിൽ ഫിഷറീസ് ഗാര്‍ഡ് സുരേഷ് ആര്‍, സീ റെസ്‌ക്യു ഗാര്‍ഡുമാരായ താജുദ്ദീന്‍, വിഘ്‌നേഷ് എന്നിവരുമുണ്ടായിരുന്നു.

ഉദ്യോഗസ്ഥ സംഘം പയ്യോളി, വടകര ഭാഗങ്ങളില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ ആവിക്കല്‍ ബീച്ചില്‍ കൃത്രിമ പാര് സൃഷ്ടിച്ചുകൊണ്ടുള്ള നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ കസ്റ്റഡിയിലെടുത്തു. വള്ളങ്ങളിൽ മണല്‍ നിറച്ച ചാക്കുകള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, തെങ്ങിന്‍ കുലച്ചിലുകള്‍ എന്നിവ കണ്ടെത്തി. ആഴക്കടലില്‍ കൃത്രിമ പാര് ഉണ്ടാക്കി വലിയ കണവ മത്സ്യങ്ങള്‍ പിടിക്കാന്‍ വേണ്ടിയാണ് ഇത്തരം അശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. ഇത്തരം രീതികള്‍ കടലില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം കടലിന്റെ ആവാസ വ്യവസ്ഥക്കും ഭീഷണിയാണ്. 

അശാസ്ത്രീയ മത്സ്യബന്ധനം നടത്തിയതിന് യാന ഉടമസ്ഥര്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധന രീതികള്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗ് ശക്തമാക്കാന്‍ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. രഞ്ജിനി നിര്‍ദ്ദേശിച്ചു. പട്രോളിംഗ് ടീമില്‍ ഫിഷറി ഗാര്‍ഡുമാരായ അനീഷ് എം.വി, രൂപേഷ് റസ്‌ക്യുഗാര്‍ഡ് വിഘ്‌നേഷ് എന്നിവരും ഉണ്ടായിരുന്നു.