Asianet News MalayalamAsianet News Malayalam

വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി ജില്ല ഭരണകൂടം

വയനാടിന് പുറമേ കോഴിക്കോട്,  കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

IMD issues orange alert for Wayanad district administration warns landslide threat and issued special alert
Author
First Published Aug 30, 2024, 7:51 AM IST | Last Updated Aug 30, 2024, 7:55 AM IST

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും,  വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായിഇരിക്കണമെന്നും നിർദേശമുണ്ട്.

ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്.  ഇന്ന് കേരളത്തിൽ  അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. വയനാടിന് പുറമേ കോഴിക്കോട്,  കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. 

അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം കഴിയുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ്  ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ  ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

Read More : ഇനിയും കാണാമറയത്ത് 78 പേര്‍, മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

Latest Videos
Follow Us:
Download App:
  • android
  • ios