മുൻവാതിൽ വഴി കയറി പിൻവാതിലിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോൾ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ആർടിസി ബസിന്‍റെ തുറന്നു കിടന്ന വാതിൽ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇടക്കുഴിയിൽ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭർത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു രാധാമണി. മുൻവാതിൽ വഴി കയറി പിൻവാതിലിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോൾ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികന്‍റെ ജീവനാണ് നഷ്ടപ്പെട്ടത്. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു. തൃശൂര്‍ - കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോൻ തെറിച്ച് വീണത്.

ബസിന്‍റെ വാതിൽ അടയ്ക്കാതിരുന്നതിനാൽ കുഞ്ഞുമോൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് വീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, നടുറോഡില്‍ മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്‍റെ പരാക്രമം യാത്രക്കാരെ ആശങ്കയിലാക്കി. ആലപ്പുഴ അരൂർ ദേശീയപാതയിലായിരുന്നു യുവാവിന്‍റെ പരാക്രമം. മീഡിയൻ ക്രോസ് ചെയ്ത് മറുഭാഗത്ത് കൂടെ ഓടിച്ച യുവാവിന്‍റെ വാഹനം നിരവധി വാഹനങ്ങളില്‍ തട്ടി അപകടം ഉണ്ടാക്കി. വലത് ഭാഗത്ത് ഒരു ടയറില്ലാത്ത കാറുമായിട്ടായിരുന്നു യുവാവിന്‍റെ പരാക്രമം.

യുവാവിനെ യാത്രക്കാർ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശി മഹേഷാണ് പിടിയിലായത്. ഇതിനിടെ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് അരൂരിൽ മൂന്ന് യുവാക്കള്‍ ഇന്നലെ മരണപ്പെട്ടു. സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് ബൈക്ക് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ഇടിച്ചത്. അരൂർ സ്വദേശികളായ അഭിജിത്ത്, ആൽവിൻ,വിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്.\

മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്‍റെ പരാക്രമം; മീഡിയന്‍ മറികടന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ചു