കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എട്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒഡീഷ, ബംഗാൾ സ്വദേശികൾ അറസ്റ്റിലായത്. പുതിയാപ്പ, ബീച്ച്, ബേപ്പൂർ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്.

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച എട്ട് കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വെസ്റ്റ് ബംഗാള്‍ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ കലികന്‍ സ്വദേശി അമരേശ്വര്‍ ബെഹ്റ(32) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാന്‍സാഫും കോഴിക്കോട് ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഒഡീഷയില്‍ നിന്നും വലിയ അളവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവുമായി ഇവരുടെ താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകുകയായിരുന്നു രണ്ട് പേരും. പുതിയാപ്പ ഹാര്‍ബര്‍, ബീച്ച്, ബേപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ ചില്ലറ വില്‍പന നടത്താനാന്‍ എത്തിച്ചതാണെന്ന് ഇരുവരും പോലീസിന് മൊഴി നല്‍കി. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി പോലീസ് അറിയിച്ചു. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തഹസീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, അപര്‍ണ, കോഴിക്കോട് സിറ്റി ഡാന്‍സാഫ് എ.എസ്.ഐ അഖിലേഷ്. കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനോജ്, ശ്രീശാന്ത്, തൗഫീഖ്, അതുല്‍, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്