കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും: രണ്ടു യുവാക്കളെ പിടികൂടി  

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.

കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡ് നടത്തി പിടികൂടിയത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് മയക്കുമരുന്നുകൾ ദിനേന പിടികൂടുന്നത്. മയക്കുമരുന്ന് അധിഷ്ഠിതമായ ക്രൈമുകളും വർദ്ധിക്കുകുകയാണ്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് നൽകി ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്രിമിനലിനെ താമരശ്ശേരി പൊലീസ് പിടികൂടിയത്.

Read more: ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം, വിവാഹ വാഗ്ദാനം; തട്ടിയത് ലക്ഷങ്ങൾ, യവതിക്കെതിരെ നിരനിരയായി പരാതികൾ!

അതേസമയം, പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 100 ഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരില്‍ നിന്നും 44 ഗ്രാമാണ് പിടികൂടിയത്. 

ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രധാനകവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയാസ്പദമായി കാണപ്പെട്ടപ്പോഴാണ് ഇവരെ പരിശോധിച്ചത്.