'കോപ്പറിന് ആക്രി കടയിൽ നല്ല വില', കടയ്ക്കലിൽ വ്യാപക വാട്ടർ മീറ്റർ മോഷണം
വാട്ടർ അതോറിറ്റിയിൽ നിന്ന് റീഡിംഗിനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അയൽപ്പക്ക വീടുകളിൽ നിന്ന് ഒരേ സമയം മീറ്റർ അറുത്തു മുറിച്ച് കടത്തിക്കൊണ്ടു പോയതാകാമെന്നാണ് നിഗമനം
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ വ്യാപക വാട്ടർ മീറ്റർ മോഷണം. പാങ്ങലുകാട് ആമ്പാടി ജങ്ഷനിലെ ആറ് വീടുകളിലാണ് ഒരേ സമയം മോഷണമുണ്ടായത്. ജൽ ജീവൻ മിഷന്റെ കുടിവെളള പൈപ്പ് ലൈനുകളിൽ സ്ഥാപിച്ചിരുന്ന മീറ്ററുകളാണ് കൂട്ടത്തോടെ മോഷ്ടിച്ചത്. വാട്ടർ അതോറിറ്റിയിൽ നിന്ന് റീഡിംഗിനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അയൽപ്പക്ക വീടുകളിൽ നിന്ന് ഒരേ സമയം മീറ്റർ അറുത്തു മുറിച്ച് കടത്തിക്കൊണ്ടു പോയതാകാമെന്നാണ് നിഗമനം.
അഴകത്ത് വിള സ്വദേശികളായ സജീവ്, സജില മണി, പങ്കജാക്ഷി അമ്മ, ഹേമന്ദ് , ജയൻ, ജോഷി എന്നിവരുടെ വീടുകളിലെ വാട്ടർ മീറ്ററുകളാണ് കടത്തിയത്. വീട്ടുകാർ പൊലീസിലും വാട്ടർ അതോറിറ്റിയിലും പരാതി നൽകി. കോപ്പർ കൊണ്ട് നിർമ്മിച്ചിരിക്കുന്ന മീറ്ററുകൾ ആക്രിവിലക്ക് വിറ്റാൽ പണം കിട്ടും. സ്ഥലത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
മീറ്റർ അറുത്തുമാറ്റിയാലും കുടിവെള്ളം ഒഴുകുന്നതിന് തടസ്സമില്ലാത്തതിനാൽ മോഷണം നടന്ന വിവരം പുറത്ത് അറിയാൻ വൈകുകയായിരുന്നു. കഴിഞ്ഞ വർഷം നിരവധി വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിലായിരുന്നു. തെക്ക് പഞ്ചായത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുറക്കാട് പഞ്ചായത്തകളിലായി 26 വീടുകളിലെ വാട്ടർ കണക്ഷനുകളിലെ മീറ്റർ അറുത്തുമാറ്റിയ പ്രതികളെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം