മട്ടാഞ്ചേരി പള്ളി 2019 ൽ 55 അടി ഉയരമുള്ള ഭീമൻ നക്ഷത്രവും, 2021 ൽ നക്ഷത്ര പന്തലും നിർമ്മിച്ചത് വാർത്തയായിരുന്നു.
കൊച്ചി: വീണ്ടുമൊരിക്കൽ കൂടി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങി മട്ടാഞ്ചേരി ജീവമാതാ ദേവാലയം. 65 അടി ഉയരമുള്ള വലിയ മാലാഖയെ നിർമ്മിച്ചാണ് ഈ ക്രിസ്മസ് കാലത്ത് ജീവമാതാ ദേവാലയം വ്യത്യസ്തമാകുന്നത്. കൊച്ചി രൂപതയിൽ ആദ്യത്തെയും, നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചുട്ടുള്ളതും പൈതൃകം പേറുന്നതുമായ മട്ടാഞ്ചേരി പള്ളി 2019 ൽ 55 അടി ഉയരമുള്ള ഭീമൻ നക്ഷത്രവും, 2021 ൽ നക്ഷത്ര പന്തലും നിർമ്മിച്ചത് വാർത്തയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം ബിനാലെയും കാർണിവെല്ലും ഒരുക്കി ലോക ജനതയെ ഫോർട്ട് കൊച്ചി സ്വാഗതം ചെയ്യുമ്പോൾ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്ന സന്ദേശവുമായി മട്ടാഞ്ചേരിയിലെ മാലാഖയും സന്ദര്‍ശകരെ ഏവരെയും സ്വീകരിക്കുവാൻ ഒരുങ്ങുകയാണ്.
ഒരു മാസത്തിലേറെയായി ആരംഭിച്ച മാലാഖയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിന്‍റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ആർട്ടിസ്റ്റ് മിൽട്ടൺ തോമസിന്‍റെ മേൽനോട്ടത്തിൽ ഇടവക സമൂഹത്തിന്‍റെ സഹകരണത്തോടെ ദേവാലയ അങ്കണത്തിൽ സ്ഥാപിക്കപ്പെടുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7.00 മണിക്ക് നടക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ, മേയർ എം. അനിൽ കുമാർ, എം.എൽ.എ. കെ.ജെ മാക്സി തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുക്കും. നിർമ്മാണങ്ങൾക്ക് ഇടവക വികാരി മോൺ. ആന്‍റണി തച്ചാറ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, കൺവീനർ ജോസഫ് പ്രവീൺ, സെക്രട്ടറി പെക്‌സൺ ആന്‍റണി എന്നിവർ നേതൃത്വം നൽകും.
