ജില്ലയിലെ പല ഭാഗത്തുനിന്നുമുള്ള ഒട്ടേറെ യുവാക്കളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

ചേർത്തല: ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശി പിടിയില്‍. ജയ്‌പൂരിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശി ആൽബർട്ട് എം രാജുവിനെ ജയ്പുരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽബർട്ട് എം രാജുവിനെ (ആൽഫിൻ–20) അർത്തുങ്കൽ എസ് ഐ സജീവ് കുമാർ ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കി, വാറ്റിനിടെ എക്സൈസ് പാഞ്ഞെത്തി, 600 ലിറ്ററോളം കോടയടക്കം പിടിച്ചെടുത്തു

ജോലി വാഗ്ദാനം നൽകി അർത്തുങ്കൽ സ്വദേശികളായ നാല് യുവാക്കളിൽ നിന്നു ബാങ്ക് അക്കൗണ്ട് വഴി ഏഴുലക്ഷത്തിലധികം രൂപ ആൽഫിൻ ഉൾപ്പെടുന്ന സംഘം വാങ്ങിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ പരിശീലനത്തിനാണെന്നു പറഞ്ഞ് ജയ്പുരിൽ കൊണ്ടുപോയെങ്കിലും വാഗ്ദാനം നൽകിയ തരത്തിലുള്ള വരുമാനം ലഭിക്കാതായതോടെ ഇവർ നാട്ടിലേക്ക് മടങ്ങി. ശേഷം യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആൽഫിൻ അറസ്റ്റിലായത്.

ജില്ലയിലെ പല ഭാഗത്തുനിന്നുമുള്ള ഒട്ടേറെ യുവാക്കളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ എസ് ഐമാരായ എസ് വീനസ്, എസ് ശാലിനി, എസ് സിപിഒ എസ് ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം വയനാട് നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ദില്ലി സ്വദേശികളെ വയനാട് സൈബര്‍ പൊലീസ് പിടികൂടു എന്നതാണ്. ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ദില്ലിയില്‍ ചെന്ന് വയനാട് പൊലീസ് പിടികൂടിയത്. ദില്ലി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ (43), ബീഹാര്‍ സ്വദേശിയായ നിലവില്‍ ദില്ലി തിലക് നഗറില്‍ താമസിക്കുന്ന രവി കാന്ത്കുമാര്‍ (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്.

യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് പിടികൂടി