ചൊവ്വാഴ്ച പുലർച്ചെയാണ് ഐക്കരക്കോണം ഇഞ്ചത്തടംവഴി കാറിൽ വന്ന നാട്ടുകാരൻ പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ റോഡരികിൽ കണ്ടത്

കൊല്ലം: പുനലൂരിൽ ഭീതി നിറച്ച പുലിപ്പേടിയകലുന്നു. ടാപ്പിംഗ് തൊഴിലാളിയും മറ്റുള്ളവരും കണ്ടത് പുലിയെ അല്ലെന്ന് പ്രഥമിക നിഗമനം. പുലിയോട് രൂപസാദൃശ്യമുള്ള വള്ളി പൂച്ച ആണെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ആറുദിവസംമുൻപ് നെടുങ്കയത്താണ് പുലിയെ കണ്ടതായി പ്രചരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഐക്കരക്കോണം ഇഞ്ചത്തടംവഴി കാറിൽ വന്ന നാട്ടുകാരൻ പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ റോഡരികിൽ കണ്ടത്. പിന്നാലെ ടാപ്പിംഗ് തൊഴിലാളി ഉൾപ്പെടെയുള്ളവരും അജ്ഞാത ജീവിയെ കണ്ടിരുന്നു. ചാരനിറവും ശരീരമാകെ പുള്ളികളുമുള്ള പുലിയോട് സാദൃശ്യമുള്ള ജീവി എന്നായിരുന്നു വിവരണം. ഇതോടെ നാട്ടുകാരിൽ ചിലർ കണ്ടത് പുലിയെ തന്നെ എന്ന് ഉറപ്പിച്ചു പ്രചരിപ്പിച്ചു. വനം വകുപ്പ് ആർ.ആർ.ടി സംഘമെത്തി സ്ഥലത്ത് വിശദമായി പരിശോധന നടത്തി. കാൽപ്പാടുകളും മറ്റും പരിശോധിച്ചാണ് ഇത് വള്ളിപ്പൂച്ചയാണെന്ന നിഗമനത്തിൽ എത്തിയത്. വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചങ്കിലും ഒരു ജീവിയുടെയും ചിത്രം പതിഞ്ഞിട്ടില്ല. ഇവിടെ പുലിയെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. എന്നാൽ നദീതീരങ്ങൾ പോലുള്ള തണ്ണീർത്തടങ്ങൾക്ക് സമീപം പുലിയോട് സാദൃശ്യമുള്ള കാട്ടുപൂച്ചകൾ വസിക്കാനും സാധ്യതയുണ്ട്. നാട്ടിലിറങ്ങി നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കുകയും ചെയ്യും. ഇരയെ പിന്തുടർന്ന് വേട്ടയാടുന്നതാണ് രീതി. പൂച്ചയെക്കാൾ വലുപ്പക്കൂടുതലുള്ളതിനാൽ ഒറ്റനോട്ടത്തിൽ പുലി എന്ന് തെറ്റിദ്ധരിക്കും. ഈ ജീവികൾപൊതുവെ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം