വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. വൈത്തിരി സ്വദേശി എം കെ ദാസനെയാണ് നാടുകടത്തിയത്. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയാണ് എം കെ ദാസൻ.
കല്‍പ്പറ്റ: വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വൈത്തിരി കുന്നത്തിടവക പന്ത്രണ്ടാം പാലം എംകെ നിവാസില്‍ എം കെ ദാസനെ (48) യാണ് വയനാട് ജില്ലയില്‍ നിന്ന് നാടുകടത്തിയത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ആറ് കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ അബ്കാരി കേസുകളുമുണ്ട്. ഇയാള്‍ക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15(1) (KAAPA) പ്രകാരമാണ് ജില്ലയില്‍ നിന്ന് ആറ് മാസത്തേക്ക് നാടുകടത്തിയത്.
ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍ ഐപിഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖല ഡിഐജി കെ കാര്‍ത്തിക് ഐപിഎസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.


