കാസർകോട്: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണെന്ന് വ്യക്തമായി.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്. ആറുപേർ ചെങ്കള സ്വദേശികളാണ് രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ്. ഇവരിൽ എട്ട് പേർ പുരുഷന്മാരും ഒൻപത് പേർ സ്ത്രീകളുമാണ്.

ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ നാട്ടുകാരനാണ്. രണ്ടാമത്തെ വ്യക്തി ബൈസൻവാലിയിൽ നിന്നുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണ്. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനൊപ്പം തിരുവനന്തപുരം നിയമസഭയിലെത്തി മന്ത്രിയെ കണ്ടിരുന്നു. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.