ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ (30) ആണ് പിടിയിലായത്.

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ (30) ആണ് പിടിയിലായത്. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസില്‍ രണ്ട് ടാൻസാനിയൻ സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ. നേരത്തെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തിയതിൽനിന്നും കൂട്ടുപ്രതികളെ കുറിച്ച് കുന്ദമംഗലം പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമായിരുന്നു. 

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ. നിലവിൽ ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ ഉണ്ട്. വൈഫൈ ഉപയോഗിച്ച് വാട്സാപ്പിൽ മാത്രം മയക്കുമരുന്ന് ആവശ്യക്കാരുമായി ബന്ധപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറയുന്നു. പ്രതി താമസിച്ചിരുന്ന റൂമിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും, നാല് വൈഫൈ റൂട്ടറുകളും എംഡിഎംഎ വലിയ്ക്കാനുപയോഗിക്കുന്ന ഗ്ളാസ് കുഴൽ, എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും പിടിച്ചെടുത്തു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് എയുടെ ഇൻവെസ്റ്റിഗേഷൻ ടീമായ കുന്നമംഗലം എസ് എച്ച് ഒ കിരൺ, എസ് ഐ നിധിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.