'ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയിൽ കണ്ടാലേ സർട്ടിഫിക്കറ്റ് കിട്ടൂ' - എന്നായിരുന്നു പ്രദീപിന്റെ നിലപാട്

കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ഏഴുകോൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപാണ് അറസ്റ്റിലായത്. കമ്പോഡിയയിലേക്ക് പോകുന്നതിനായി എഴുകോൺ സ്വദേശിയായ യുവാവ് അപേക്ഷ നൽകിയിരുന്നു. യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിജിലൻസ് പുറത്തുവിട്ടില്ല.

Read More: ജോലിയിൽ കയറി രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ, പിന്നീട് ശീലമായെന്ന് സുരേഷ് കുമാര്‍

പരാതിക്കാരൻ മെയ് 25 നാണ് പാസ്പോർട്ട് ഓഫീസ് മുഖേന ഓൺലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമർപ്പിച്ചത്. പരിശോധനയ്ക്കായി ഏഴുകോൺ എസ്എച്ച്ഒ, സീനിയർ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് 'ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയിൽ കണ്ടാലേ സർട്ടിഫിക്കറ്റ് കിട്ടൂ' - എന്നും പ്രദീപ് പറഞ്ഞുവെന്നാണ് യുവാവിന്റെ പരാതി.

Read More: ​​​​​​​മദ്യക്കമ്പനികളുടെ കൈക്കൂലി; കെട്ടുകളാക്കി സൂക്ഷിച്ച് ബെവ്കോ ജീവനക്കാരൻ; വിജിലൻസ് പരിശോധനയിൽ പിടിയിൽ

തുടർന്ന് ഇന്ന് രാവിലെ പ്രദീപ് വീണ്ടും യുവാവിനെ ഫോണിൽ വിളിച്ചു. 'അത് തരാതെ കിട്ടില്ല' - എന്ന് പറഞ്ഞു. മറ്റുവഴികളില്ലാതെ യുവാവ് വിജിലൻസിനെ വിവരമറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ഏഴുകോൺ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. വൈകീട്ട് ആറ് മണിയോടെ സ്റ്റേഷനിലെത്തിയ യുവാവിന്റെ പക്കൽ നിന്നും പ്രദീപ് 500 രൂപ വാങ്ങി. കണ്ടുനിന്ന വിജിലൻസ് സംഘം കൈയ്യോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player