Asianet News MalayalamAsianet News Malayalam

അതിസാഹസികം, സ്റ്റേഷനിൽ നിന്ന് ഓടി വാഹനത്തിന്റെ ചില്ല് തല കൊണ്ട് പൊട്ടിച്ച നാടകീയത; ഗുണ്ട നേതാവ് പിടിയിൽ

കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ കല്യാണ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം നടത്തുന്നതിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഈ സമയം ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു

kerala police dramatically arrest gunda leader
Author
Kozhikode, First Published Nov 18, 2021, 11:22 PM IST

കോഴിക്കോട്: കുപ്രസിദ്ധ ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും കഞ്ചാവ് കേസുകളിലെ പ്രതിയുമായ ഗുണ്ട നേതാവ് അറസ്റ്റിൽ. കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ്  കമ്മീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.

കഴിഞ്ഞ ജൂൺ ഒന്നിന് ഉച്ചയ്ക്ക്  ചേവായൂരിലെ പ്രസന്റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വെച്ച്  ദേഹോപദ്രവം ഏൽപ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന ഒൻപതര പവൻ സ്വർണ്ണാഭരണം കവർച്ച നടത്തിയ കേസിലും ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് യുവതികളുടേതടക്കം ഏകദേശം 13 പവൻ സ്വർണ്ണാഭരണങ്ങൾ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഊരി വാങ്ങുകയും അലമാരയിൽ സൂക്ഷിച്ച  മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്റെ ആധാരവും എടിഎം കാർഡും പാൻകാർഡും ആധാർ കാർഡും പാസ്പോർട്ടും മറ്റും കവർന്ന കേസിലെയും പൊലീസ് അന്വേഷണത്തിലാണ് ഷിജു എന്ന ടിങ്കു അറസ്റ്റിലായത്.

2016 ൽ ഫറോക്ക് പൊലീസ് പത്ത് കിലോഗ്രാം കഞ്ചാവുമായും 2018ൽ അഞ്ച് കിലോയോളം കഞ്ചാവുമായി  കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പൊലീസിൻ്റെ പിടിയിൽ നിന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കെട്ടാങ്ങൽ നടുത്ത് ഏരിമലയിലുള്ള ഒരു കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ കല്യാണ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം നടത്തുന്നതിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

ഈ സമയം ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ടിങ്കുവിനെ കീഴ്പ്പെടുത്തി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം ഇവിടെ നിന്ന് ഇറങ്ങി ഓടി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.  

ശേഷം മെഡിക്കൽ കോളേജ് എസ്ഐമാരായ രമേഷ് കുമാറിന്റെയും ദീപ്തി വി വിയുടെ നേതൃത്ത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. എ.എസ്.ഐ. സജി എം, എസ് സി പി ഒ മാരായ അഖിലേഷ് , കെ.,ജോമോൻ  കെ എ , സിപിഒമാരായ ജീനേഷ്  എം , മിഥുൻ എം  അർജുൻ അജിഞ്ഞ് , സുനോജ്  കെ , ജിനീഷ്  എം, സായൂജ് പി ,എന്നീ സ്ക്വാഡ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios