കാസർകോട് കാലിക്കടവിലെ എംഡിഎംഎ കേസിൽ കേരള പോലീസ് ഒരു അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തെ പിടികൂടി. ഗുജറാത്ത് സ്വദേശിനി റിയ ഖാൻ, ഘാന സ്വദേശി വിക്ടർ എന്നിവരുൾപ്പെടെ ഏഴുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ നിർണായക കണ്ണികൾ വലയിലായത്.
കാസർകോട് : കാലിക്കടവ് എംഡിഎംഎ കേസിൽ കേരള പോലീസ് പിടികൂടിയത് അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ. ലഹരി മരുന്ന് കേരളത്തിന്റെ അതിർത്തി കടത്തുന്നത് ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നും പണം ഇടപാട് നടത്തുന്നത് ഘാന സ്വദേശി വിക്ടറെന്നും പോലീസിന്റെ നിഗമനം. കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇതുവരെയും കേരള പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസ്സിന്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസിക്കായി സബ് ഇൻസ്‌പെക്ടർ (ഹൊസ്ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുക യാണ്.
ഇതിനുപുറമേ, കേരളത്തിലെ എംഡിഎംഎ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാൾ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്‌ദുൾ സലാം, പി എ അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു .കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും ജയിലിലേക്ക് മാറ്റി. 139.290 ഗ്രാം എംഡിഎംഎ കാലിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്.


