ലോക്ക്ഡൗൺ കാരണം ജോലിയില്ല, വീടില്ലാത്തതിനാൽ റേഷൻ കാർഡില്ല. ദുരവസ്ഥ കണ്ട്  തിരിച്ചു പോയ വളാഞ്ചേരി പൊലീസ് വൈകിട്ട് രണ്ടാഴ്ചക്കാലം ഇവര്‍ക്ക് കഴിയാനുള്ള ഭക്ഷണ കിറ്റുമായാണ് തിരിച്ചെത്തിയത്. 

വളാഞ്ചേരി: കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തിയത്. 'സാറേ... ഇവിടൊരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു, പെട്ടന്ന് വരണേ...' എന്നായിരുന്നു ഫോൺ വിളിച്ചയാള്‍ പറഞ്ഞത്. ഉടൻ തന്നെ വളാഞ്ചേരി ഇൻസ്‌പെക്ടർ പി എം ഷമീറിന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ വന്ന ഇരിമ്പിളിയം പഞ്ചായത്തിലെത്തി. 

ഇരുപതുകാരിയായ വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിമുഴക്കി നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയ്. ഭർത്താവും വീട്ടുകാരും തമ്മിലുണ്ടായ നിസ്സാരമായ പ്രശ്‌നത്തിൽ യുവതി ഒന്ന് 'ഭീഷണിപ്പെടുത്തി'യതാണ്. പൊലീസ് സംഘം ഇവരെ സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തതോടെ യുവതി ആത്മമഹത്യ ഭീഷണി പിൻവലിച്ചു. എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല, പൊലീസ് ഇൻസ്‌പെക്ടർ സാഹചര്യങ്ങൾ വിലയിരുത്തിയപ്പോഴാണ് ഇവരുടെ ജീവിത സാഹചര്യം വളരെ പരിതാപകരമാണെന്ന് മനസ്സിലായത്. 

അഞ്ചംഗ കുടുബം താമസിക്കുന്നതിന് ഒരു ഷെഡിലാണ്. ലോക്ക്ഡൗൺ കാരണം ജോലിക്ക് പോകാനാകാതെ വീട്ടുകാരൻ. വീടില്ലാത്തതിനാൽ റേഷൻ കാർഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയൽവാസികൾക്കും ഇതേ അവസ്ഥ. തിരിച്ചു പോയ വളാഞ്ചേരി പൊലീസ് വൈകിട്ട് വീണ്ടും അവിടെയെത്തിയത് രണ്ടാഴ്ചക്കാലം ഇവര്‍ക്ക് കഴിയാനുള്ള ഭക്ഷണ കിറ്റുമായാണ്. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ ഭക്ഷണകിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നുവെന്ന് വളാഞ്ചേരി ഇൻസ്‌പെക്ടർ പി എം ഷമീർ പറഞ്ഞു. ലോക് ഡൗണുമായി ബന്ധപ്പെട്ട് ധാരാളമാളുകൾ ഇത്തരത്തിൽ കഴിഞ്ഞുകൂടുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളും ഇക്കാര്യം കൂടി പരിഗണിക്കണമെന്നും പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona