തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച രാവിലെ  അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രണ്ട് ചക്രവാതച്ചുഴികള്‍ നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. സെപ്റ്റംബർ നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പ് പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച രാവിലെ അറിയിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പുകള്‍ ഇല്ല. 

Read also: 'കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം'; വിമര്‍ശിച്ച് മന്ത്രി പി പ്രസാദ്

ഇന്നലെ രാത്രി തലസ്ഥാനത്തുൾപ്പെടെ തെക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നു. അതേസമയം, ഓ​ഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിൽ കേരളത്തിൽ മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ വിഭാ​ഗത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണ /സാധാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് ലഭിക്കാനാണ് സാധ്യത.

അതേസമയം, ഔദ്യോഗികമായി 122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാൽ, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്.

എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട്‌ ( -54%) കോട്ടയം ( -53%) തൃശൂർ (-52%) എന്നിങ്ങനെയാണ് കണക്കുകൾ. മൂന്ന് മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്