അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
എറണാകുളം: കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പനമ്പള്ളി നഗര്‍ പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു.
അബ്ദുള്ളയും സുഹൃത്തും ഉടന്‍ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്റെ മിനി കൂപ്പറും അബ്ദുള്ളയുടെ കാറും മത്സര ഓട്ടത്തിലായിരുന്നു. ഏറെ നേരം ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കളി കാര്യമായതോടെയാണ് അപകടമുണ്ടായത്. ഇരുവരും തമ്മില്‍ മുന്‍ പരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിന് കേസെടുത്തു.
ക്യാമറയെ വെട്ടിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി യുവാവ്, 15,500 രൂപ പിഴ
കൊല്ലം കടയ്ക്കലില്‍ എഐ ക്യാമറയെ വെട്ടിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി അമിത വേഗതയില്‍ ബുള്ളറ്റ് ഓടിച്ച യുവാവ് പിടിയില്‍. തട്ടത്തുമല സ്വദേശി അഭിജിത്തിനെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് വിവിധ ഇനങ്ങളിലായി 15,500 രൂപ പിഴ ഈടാക്കി.
കടയ്ക്കല്‍ ചിങ്ങോലിയില്‍ വൈകീട്ടായിരുന്നു സംഭവം. എഐ ക്യാമറയുടെ പിടിയില്‍പ്പെടാതിരിക്കാനാണ് അഭിജിത് ബുള്ളറ്റിന്റെ മുന്‍ പിന്‍ ഭാഗങ്ങളിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി ചീറിപ്പാഞ്ഞത്. ഒപ്പം മൊബൈല്‍ ഫോണും ഉപയോഗിച്ചു. ക്യാമറയ്ക്ക് സമീപം പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ല. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. വാഹനം കടയ്ക്കല്‍ പൊലീസിന് കൈമാറി.

