കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുളള ഭാഗം അടുത്ത ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് മുഖ്യമന്ത്രി ഈ റൂട്ടിൽ യാത്ര ചെയ്യും. 

ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ റെയിൽ സേഫ്ടി കമ്മീഷണറുടെ പരിശോധന കൊച്ചിയിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെ പരിശോധന പൂർത്തിയാക്കി അന്തിമാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുളള പരിശോധനയിൽ പൂ‍ർണ തൃപ്തിയാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരിക്കുന്നത്.